ന്യൂഡൽഹി: പല സംസ്ഥാനങ്ങളും തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “നമ്മൾ ഒരുമിച്ച് കൊറോണയ്‌ക്കെതിരെ പോരാടുകയാണ്, എന്നാൽ ഇത് മനുഷ്യാവകാശങ്ങൾ നിഷേധിക്കാനും സുരക്ഷിതമല്ലാത്ത ജോലിസ്ഥലങ്ങൾ അനുവദിക്കാനും തൊഴിലാളികളെ ചൂഷണം ചെയ്യാനും അവരുടെ ശബ്ദം അടിച്ചമർത്താനുമുള്ള ഒരു ന്യായീകരണമാകരുത്,” അദ്ദേഹം പറഞ്ഞു.

Read More: ഹോം ഐസൊലേഷൻ കഴിഞ്ഞാൽ കോവിഡ് പരിശോധന വേണ്ട; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും ഉത്തേജകത്തിന്റെയും പേരിൽ തൊഴിൽ, ഭൂമി, പരിസ്ഥിതി നിയമങ്ങൾ മാറ്റുന്നത് അപകടകരവും വിനാശകരവുമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. മോദി സർക്കാർ കൈക്കൊണ്ടിരിക്കുന്ന നയങ്ങൾ നോട്ട് നിരോധനം പോലെ അപകടം പിടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോക്ക്ഡൗൺ 3.0 അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിമാരുമായുള്ള, പ്രധാനമന്ത്രിയുടെ അഞ്ചാമത് വീഡിയോ കോൺഫറൻസ് ചർച്ചയാണ് ഇന്ന് നടക്കുന്നത്. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അറിയിച്ചത്.

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താനും നിയന്ത്രണങ്ങൾ എടുത്തു കളയാനും മുഖ്യമന്ത്രിമാരുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ്-19 പ്രതിരോധ സംഘത്തിന്റെ ഭാഗമായ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. മുൻ യോഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇക്കുറി എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുകയും അവർക്ക് അഭിപ്രായങ്ങൾ പറയാൻ അവസരം നൽകുകയും ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook