ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ജാഗ്രത കുറയ്ക്കുന്നതിനെതിരെ ഉത്സവ സീസണിനു മുന്നോടിയായി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഉത്സവങ്ങള്‍ വീടുകളില്‍ ആഘോഷിക്കണമെന്നും അനുയോജ്യമായ കോവിഡ് പ്രതിരോധ പെരുമാറ്റം പിന്തുടരണമെന്നും ഊഴത്തിനനുസരിച്ച് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
ബഹുജന ഒത്തുചേരലുകള്‍ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നു പറഞ്ഞ മന്ത്രാലയം കൂടിച്ചേരലുകളില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെങ്കില്‍ പൂര്‍ണ പ്രതിരോധ കുത്തിവയ്പ് മുന്നുപാധിയാക്കണമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇന്നു രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് 47,029 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 509 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.28 കോടി (3,28,57,937) ആയി വര്‍ധിച്ചു. ഇതുവരെ 4.39 ലക്ഷം (4,39,529) പേര്‍ക്കാണ് മഹാമാരിയില്‍ ജീവന് നഷ്ടമായത്. നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.89 ലക്ഷം (3,89,583) ആണ്.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗികളുടെ എണ്ണത്തിന്റെ ഒരു ശതമാനത്തില്‍ (0.99) താഴെയാണ്. രോഗമുക്തി നിരക്ക് 97.67 ശതമാനവുമാണ്.
ഇന്നലെ മാത്രം രാജ്യത്ത് 81,09,244 ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 66,30,37,334 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.
കേരളത്തിൽ ഓണത്തിനുശേഷം പ്രതിദിന കേസുകളിൽ വൻ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങളായി മുപ്പതിനായിരത്തിനു മുകളിലാണ് പ്രതിദിന കേസുകളുടെ എണ്ണം. ഇന്ന് കേരളത്തില്‍ 32,097 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
2,40,186 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 38,60,248 പേര് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 21,149 ആയി.