മുംബൈ: കൊറോണ വൈറസ് വ്യാപിക്കുന്നതും അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതും മൂലം ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്ന് അഞ്ച് ശതമാനം നഷ്ടത്തിലാണ് വിപണി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 2015 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

ബി എസ് ഇ സെന്‍സെക്‌സ് 1,951.67 പോയിന്റുകളും (5.17 ശതമാനം) നിഫ്റ്റി 538 പോയിന്റുകളും ഇടിഞ്ഞു. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് വ്യാപാരത്തിനിടെ 2,467.44 പോയിന്റുകള്‍ ഇടിഞ്ഞു. 6.57 ശതമാനം ഇടിവ്. നിഫ്റ്റിയാകട്ടെ 695 പോയിന്റുകളും ഇടിഞ്ഞിരുന്നു. 6.32 ശതമാനം ഇടിവ്. പിന്നീട് രണ്ട് വിപണികളും കരകയറുകയായിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 13 ശതമാനവും ഒഎന്‍ജിസിയുടേത് 16.55 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ ഓഹരി വിപണികള്‍ തുടര്‍ച്ചയായി ഇടിയുകയാണ്.

ഇന്ത്യയില്‍ 43 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിഎസ്ഇയുടെ സെന്‍സെക്‌സ് 1,534.87 പോയിന്റ് (4.25 ശതമാനം) ഇടിഞ്ഞ് 36,041.75 ലാണ് ഇന്നു വ്യാപാരം തുടങ്ങിയത്. 2018 മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. നിഫ്റ്റി 50 സൂചിക 428.20 പോയിന്റ് (3.90 ശതമാനം) ഇടിഞ്ഞ് 10,561.25 ലും.

സെന്‍സെക്‌സ് 2,087.36 പോയിന്റ് ( ശതമാനം) ഇടിഞ്ഞ് 35,489.26 പോയിന്റിലും നിഫ്റ്റി 546.05  പോയിന്റ് ( ശതമാനം) ഇടിഞ്ഞ് 10,558.10 പോയിന്റിലുമാണ് 12:50നു വ്യാപാരം നടന്നത്.

Read Also: Covid 19: ആരോഗ്യമന്ത്രിയുടെ പേരില്‍ വ്യാജ കൊറോണ പ്രതിവിധികള്‍; നിയമ നടപടി സ്വീകരിക്കുമെന്ന് ഷൈലജ

അതിനിടെ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 31 പൈസയുടെ നഷ്ടം രേഖപ്പെടുത്തി 74.03 ആയി.

രാജ്യത്ത് കൊറോണ വൈറസ് ബാധ എണ്ണം വര്‍ധിക്കുകയും യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിഫ്റ്റി സൂചിക ഒന്‍പത് ശതമാനം ഇടിഞ്ഞു. അതിനിടെ, സെന്‍സെക്‌സില്‍ യെസ് ബാങ്കിന്റെ ഓഹരി വില 30.86 ശതമാനം ഉയര്‍ന്ന് 21.20 രൂപയായി.

അസംസ്‌കൃത എണ്ണ

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു. 1991നുശേഷം വില ഇത്രയും ഇടിയുന്നത് ഇതാദ്യമാണ്. വിപണിയില്‍ ആവശ്യം വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണു പുതിയ പ്രതിഭാസത്തിനു കാരണം.

ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചിലെ ഇലക്ട്രോണിക് വ്യാപാരത്തില്‍ യുഎസ് ക്രൂഡ് 10.75 ഡോളര്‍ (26 ശതമാനം) കുറഞ്ഞ് 30.57 ഡോളറിലെത്തി. രാജ്യാന്തര വിലനിര്‍ണയത്തിനായി ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് 11.40 ഡോളര്‍ (25 ശതമാനം) കുറഞ്ഞ് 33.87 ഡോളറിലെത്തി.

Read Also: കോവിഡ് 19: ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി

ഏഷ്യന്‍ വിപണികള്‍

കൊറോണ വൈറസ് ബാധ മൂലം ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ആഗോള  അസംസ്കൃത എണ്ണവില കുറഞ്ഞതോടെ ഏഷ്യന്‍ ഓഹരി വിപണികള്‍ ഇടിഞ്ഞു. ടോക്കിയോ വിപണി 6.2 ശതമാനവും സിഡ്‌നി 6.1 ശതമാനവും ഇടിഞ്ഞു. സിയോള്‍ 4.4 ശതമാനവും ഹോങ്കോങ് 3.9 ശതമാനവും നഷ്ടം നേരിട്ടു. ഞായറാഴ്ച പശ്ചിമേഷ്യ വിപണികളും ഇടിഞ്ഞു.

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിക്കുന്നതു സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചടിയാവുകയാണ്്. വൈറസ് ബാധിച്ചവരുടെ എണ്ണം ലോകമെമ്പാടും 107,000 കവിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook