ദേശീയ ലോക്ക്ഡൗണിനിടയിൽ, ഒരാളെ വീട്ടിൽ തന്നെ തങ്ങാനുള്ള ഉത്തരവിൽ നിന്ന് ഒഴിവാക്കി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ, 28 കാരനായ അനിന്ദ്യ റോയ് മൂന്ന് സംസ്ഥാനങ്ങളിലായി 2,300 കിലോമീറ്ററോളം സഞ്ചരിച്ച് മുംബൈയിൽ നിന്ന് കൊൽക്കത്തയിലെ തന്റെ വീട്ടിലെത്തി പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കും.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ അപ്പീലിനെത്തുടർന്ന് മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കമ്മീഷണർ ശേഖർ ചന്നെ സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോകാൻ അനിന്ദ്യയ്ക്ക് പ്രത്യേക പാസ് നൽകുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 6.30 ഓടെ മുംബൈയിലെ ഒരു ലോ ഫേമിൽ ജോലി ചെയ്യുന്ന അനിന്ദ്യ ഉണർന്നത് തന്റെ സെൽഫോണിലെ 30 മിസ്ഡ് കോളുകളുടേയും നൂറ് ടെക്സ്റ്റ് സന്ദേശങ്ങളുടെയും ശബ്ദം കേട്ടായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ അറിഞ്ഞത് 61 കാരനും കൊൽക്കത്ത ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായ പിതാവ് ആശിഷ് കുമാർ റോയ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചുവെന്നായിരുന്നു.

Read More: കോവിഡ്-19: മരണം ഒഴിവാക്കാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍; ലോകാരോഗ്യ സംഘനയുടെ നിര്‍ദ്ദേശങ്ങള്‍

പുലർച്ചെ ഒരു മണിയോടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന വന്നത്. എന്നാൽ അനിന്ദ്യയുടെ അമ്മയ്ക്ക് ആ സമയത്ത് തനിച്ചൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. വേദന കൂടിയപ്പോൾ അവർ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു. ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും എത്തുകയും പുലർച്ചെ 3 മണിയോടെ റോയിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

“എന്റെ അമ്മയ്ക്ക് ഡ്രൈവ് ചെയ്യാൻ കഴിയില്ല, അച്ഛനായിരുന്നു ഡ്രൈവ് ചെയ്യാറുള്ളത്,” അനിന്ദ്യ പറഞ്ഞു. വീട്ടിലെത്താൻ സഹായിക്കുന്നതിന് അദ്ദേഹം സുഹൃത്തുക്കളെയും പരിചയക്കാരെയും വിളിക്കാൻ തുടങ്ങി. നഗരം വിട്ടുപോകുന്ന ബസുകളോ ട്രെയിനുകളോ വിമാനങ്ങളോ ഇല്ലാത്തതിനാൽ വീട്ടിൽ കാത്തുനിൽക്കാൻ പറഞ്ഞു. “അമ്മ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് സങ്കൽപ്പിക്കാനായില്ല. എന്റെ പിതാവിനെ അവസാനമായി കാണണമെന്ന് ഞാൻ ആഗ്രഹിച്ചു,”അദ്ദേഹം പറഞ്ഞു.

നാട്ടിലേക്ക് മടങ്ങാനുള്ള സാധുവായ കാരണമായി പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. തന്നെ സഹായിക്കാൻ അധികാരികളോട് ആവശ്യപ്പെട്ട് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു പോസ്റ്റ് ഇട്ടു. “ഒരു സുഹൃത്ത് ഒരു മുൻ കലക്ടറുടെ ഫോൺ നമ്പർ തന്ന് സഹായിച്ചു. തുടർന്ന് എന്നെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ അടുത്തെത്തിച്ചു,” അദ്ദേഹം പറഞ്ഞു.

ട്രാൻസ്പോർട്ട് കമ്മീഷർ ചന്നെയുമായി സംസാരിച്ച അദ്ദേഹം മരണ സർട്ടിഫിക്കറ്റ് അയച്ചു. 45 മിനിറ്റിനുള്ളിൽ, തന്റെ സുഹൃത്തിന്റെ വാഹനത്തിനായി ഒരു പ്രത്യേക പാസ് നൽകി, അത് കൊൽക്കത്തയിലേക്കുള്ള യാത്രയ്ക്കായി ഉപയോഗിക്കാൻ അനുമതി നൽകി. ഉച്ചകഴിഞ്ഞ് 3.30 ഓടെ ഒരു സുഹൃത്തിനൊപ്പം അനിന്ദ്യ യാത്ര തിരിച്ചു.

“സത്യസന്ധമായി, മൂന്ന് അതിർത്തികൾ കടന്ന് വീട്ടിലെത്താൻ എന്നെ അനുവദിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ, എന്റെ അമ്മയെ തനിച്ചാക്കാൻ എനിക്ക് കഴിയില്ല,” അനിന്ദ്യ പറഞ്ഞു.

“ഞങ്ങൾക്ക് ലഭിച്ച ആദ്യ അഭ്യർത്ഥനയാണിത്. മാനുഷികമായ കാരണങ്ങളാൽ വീട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഞങ്ങൾ അദ്ദേഹത്തിന് ഒരു പാസ് നൽകിയിട്ടുണ്ട്,” ചന്നെ പറഞ്ഞു. രാത്രി ആയപ്പോഴേക്കും അനിന്ദ്യ നാഗ്പൂരിലെത്തിയിരുന്നു.

Read in English: Coronavirus: Father dead, man gets exemption to travel Mumbai to Kolkata

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook