ന്യൂഡൽഹി: നിസാമുദ്ദീനിൽ കോവിഡ് -19 രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 441 പേരെ ആശുപത്രികളിലേക്ക് മാറ്റിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്നു ദിവസത്തിനിടെ പശ്ചിമ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത് മസ്ജിദ് പരിസരത്തുനിന്ന് 1,584 പേരെ മാറ്റിപ്പാർപിച്ചതായും കെജ്രിവാൾ അറിയിച്ചു. ഇതിൽ രോഗലക്ഷണങ്ങൾ കാണിച്ച 441 പേർ ഒഴികെയുള്ളവരെ ക്വാറന്റെെനിലേക്കും മാറ്റിയിട്ടുണ്ട്.

ഡൽഹിയിലെ 97 കോവിഡ് കേസുകൾ സർക്കാർ പരിശോധിച്ചതായി കെജ്രിവാൾ പറഞ്ഞു. ഇതിൽ ഒരാൾ മാത്രമാണ് വെന്റിലേറ്ററിൽ. രണ്ടുപേർക്ക് ഓക്സിജൻ നൽകേണ്ട അവസ്ഥയുണ്ട്. മറ്റുള്ളവർക്ക് വലിയ പ്രശ്നമില്ലെന്നും കെജ്രിവാൾ പറഞ്ഞു.

Also Read: കോവിഡ്-19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് സംശയം

രോഗം സ്ഥിരീകരിച്ചവരിൽ 24പേർ നിസാമുദ്ദീനിലെ സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. 41 പേർ വിദേശ രാജ്യങ്ങളിൽനിന്ന് തിരിച്ചെത്തിയവരും. 22 പേർ മറ്റു കോവിഡ് ബാധിതരുടെ ബന്ധുക്കളും. 10 കേസുകളിൽ എങ്ങനെയാണ് രോഗവ്യാപനം നടന്നതെന്ന് പരിശോധിക്കും. സമൂഹ വ്യാപനത്തിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കെജ്രിവാൾ പറഞ്ഞു.

കോവിഡ് ബാധിച്ച് രണ്ടുപേരാണ് ഡൽഹിയിൽ മരിച്ചത്. കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ച ഒരാൾ സിംഗപ്പൂരിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു.

നിസാമുദ്ദീനിൽ മാർച്ച് 12,13 ദിവസങ്ങളിലായ നടന്ന മതസമ്മേളനത്തിൽ വിദേശികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും പങ്കെടുത്തിരുന്നതായും കോവിഡ് വ്യാപനത്തിന്റെ സമയത്ത് ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചവരുടേത് നിരുത്തരവാദപരമായ നടപടിയാണെന്നും കെജ്രിവാൾ പറഞ്ഞു.

നിസാമുദ്ദീനിൽ നടന്ന സമ്മേളനത്തിനിടെ വെെറസ് വ്യാപനം നടന്നതായാണ് സംശയിക്കപ്പെടുന്നത്. തെലങ്കാനയിൽകോവിഡ് രോഗബാധയെത്തുടർന്ന് മരിച്ച അഞ്ചുപേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരാണെന്നും റിപോർട്ടുകളുണ്ട്. തമിഴ്നാട്, ആന്ധ്ര, കശ്മീർ, യുപി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കോവിഡ് കേസുകളും നിസാമുദ്ദീനിൽ നിന്ന് പകർന്നതാണെന്നും സംശയമുണ്ട്.

കേരളത്തിൽ തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കും

അതേസമയം, നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവർക്ക് രോഗബാധയുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അവർക്ക് രോഗബാധയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിശദമായ പരിശോധന പൊലീസ് ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. പങ്കെടുത്തവരുടെ പട്ടിക ജില്ലാ കലക്ടർമാർ മുഖേന നൽകിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്തവരുടെ കണക്ക് സർക്കാരിന്റെ കെെയിലുണ്ട്. ഏത് ജില്ലക്കാരാണെന്ന് അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook