വാഷിങ്ടൺ: കോവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരാഴ്ച മുൻപാണ് ട്രംപ് മരുന്ന് കഴിക്കാൻ തുടങ്ങിയത്.

തനിക്ക് കോവിഡ് ബാധയോ രോ​ഗ ലക്ഷണങ്ങളോ ഒന്നും തന്നെ ഇല്ലെന്നും പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയിലെ തന്നെ കോവിഡ് ടാസ്ക് ഫോഴ്സിലെ വിദ​ഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന് കൂടിയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ.

വൈറ്റ് ഹൗസിലെ തന്നെ തന്റെ ഡോക്ടർ ഈ മരുന്ന് കഴിക്കുന്നതിൽ തെറ്റില്ലെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കൂടെ നിർദേശ പ്രകാരമാണ് താനിത് കഴിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Read More: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

പത്ത് ദിവസം മുന്‍പാണ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പ്രസ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ട്രംപിന്റെ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിരുന്നു.

നേരത്തെ തന്നെ ആന്റി മലേറിയ മരുന്നായ ​ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്ക് ഉപയോ​ഗിക്കുന്നത് പിന്തുണച്ച് ട്രംപ് രം​ഗത്തെത്തിയിരുന്നു. എന്നാൽ തുടർന്നുള്ള പഠനങ്ങൾ ഇത് ഫലപ്രദമല്ലെന്നും ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ‘ഗെയിം ചെയ്ഞ്ചർ’ എന്നാണ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിനെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയിലാണ് ഈ മരുന്ന് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെ ഭീഷണിയുമായി ട്രംപ് എത്തിയിരുന്നു.

മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്നാണ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. തുടർന്ന് മണിക്കൂറുകൾക്കകം കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആഗോള തലത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി. യുഎസിൽ 1003 പേരാണ് ഇന്നലെ മരിച്ചത്. 22,000 ത്തിലധികം പുതിയ രോഗികളുമായി യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സില്‍ 15.50 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ- 91,981.

Read in English: Coronavirus: Donald Trump says he’s taking anti-malarial HCQ drug for over a week

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook