ന്യൂഡൽഹി: കർശനമായ നനിയന്ത്രണങ്ങൾക്കും ലോക്ക്ഡൗണിനുമിടയിലും ഭരണ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കി ഡൽഹിയിൽ സമൂഹവ്യാപനത്തിനുള്ള സാധ്യതകൾ വർധിക്കുന്നു. നിസ്സാമുദ്ദീനിൽ മാർച്ച് 17 മുതൽ 19 വരെ നടന്ന ഒരു മതസമ്മേളനത്തിൽ പ‌ങ്കെടുത്ത നിരവധി ആളുകളെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ആശങ്കയ്ക്ക് കാരണം. തെലങ്കാനയിൽ മരിച്ച അഞ്ചുപേരും ഈ ചടങ്ങിൽ പങ്കെടുത്തവരാണെന്ന കാര്യം ആശങ്ക വർധിപ്പിക്കുന്നു.

ഇതോടെ ഡൽഹി നിസാമുദ്ദീൻ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. നൂുകണക്കിന് പൊലീസുകാരും ഡ്രോണുകളും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഡൽഹിയിൽ ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്ത 25 പോസിറ്റീവ് കേസുകളിൽ 18 ഉം നിസാമുദ്ദീൻ മേഖലയിൽ നിന്നുമാണ്. ഇതോടെ ഡൽഹിയിൽ ആകെ കൊറോണ കേസുകളുടെ എണ്ണം 97 ആയി.

Also Read: കോവിഡ്-19: രാജ്യത്ത് ഇതുവരെ സാമൂഹ്യവ്യാപനമില്ല, ആശ്വാസം നൽകുന്ന കണക്കുകൾ ഇങ്ങനെ

രോഗലക്ഷണങ്ങൾ കാണിച്ച ഇരുന്നൂറോളം ആളുകളെയാണ് പ്രദേശത്ത് നിന്ന് മാത്രം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 1500 ഓളം പേർ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച ജമ്മു കശ്മീരിലെ ശ്രീനഗറിൽ കൊവിഡ്‌ ബാധിച്ച് മരിച്ച 65കാരനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ വലിയ സാമൂഹിക വ്യാപനത്തിന് ഇത് കാരണമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യയിൽ ഇതുവരെ 1251 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32 പേർക്ക് ഇതുവരെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഇവരിൽ 1117 പേർ ചികിത്സയിലാണ്. 101 പേർക്ക് രോഗം ഭേദമായി.

അതേസമയം രാജ്യത്ത് രോഗവ്യാപന നിരക്ക് കുറവാണെന്നും ദേശവ്യാപക ലോക്ക് ഡൗണും സാമൂഹിക അകലത്തിനുള്ള മാർഗനിർദേശങ്ങൾ ആളുകൾ കർശനമായി പാലിക്കുന്നതുമാണ് അതിന് കാരണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പറയുന്നു. 12 ദിവസം കൊണ്ടാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം 100ൽ നിന്ന് 1000ലേക്കുയർന്നത്. എന്നാൽ കുറഞ്ഞ ജനസംഖ്യയുള്ള ഏഴ് മറ്റു വികസിത രാജ്യങ്ങളിൽ ഇതിലും കുറഞ്ഞ സമയത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിലേതിനേക്കാളും പലമടങ്ങാണ് വർധനവുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook