ന്യൂഡൽഹി: രാജ്യത്താകമാനം കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിർണായക തീരുമാനവുമായി ഡൽഹി സർക്കാർ. ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ നൽകുകയുള്ളുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള രോഗികളെക്കൊണ്ട് ആശുപത്രികൾ നിറയാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ പതിനായിരം കിടക്കകൾ ഡൽഹി നിവാസികൾക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

Also Read: ഇന്ത്യയിൽ കോവിഡ് വ്യാപനം ഇനിയും രൂക്ഷമായേക്കും; മുന്നറിയിപ്പ്

ഡോക്ടർമാരടങ്ങുന്ന പ്രത്യേക സമിതിയുടെ നിർദേശപ്രകാരമാണ് സർക്കാർ തീരുമാനം. ഈ മാസം അവസാനത്തോടെ 15000ത്തിലധികം കിടക്കകൾ കോവിഡ് രോഗികൾക്കായി വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഡൽഹി നിവാസികൾക്ക് മാത്രമായി കിടക്കകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ജൂണ്‍ എട്ട് മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൂൺ ഒന്നിന് ഹരിയാനയിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതിൽ പിന്നെ ഡൽഹി അതിർത്തികൾ ഒന്നിലധികം തവണ പൂർണമായും അടച്ചിട്ടിരുന്നു. ഈ അതിർത്തികൾ നാളെ മുതൽ വീണ്ടും തുറക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

Also Read: മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് ലോകം; കോവിഡ് മരണം നാല് ലക്ഷം കടന്നു

കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലെ വർധനവ് ഡൽഹിയിലും വ്യക്തമാണ്. പ്രതിദിനം ആയിരത്തിലധികം പേർക്കാണ് തലസ്ഥാന നഗരിയിൽ മാത്രം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഡൽഹിയിലെ ആകെ രോഗികളുടെ എണ്ണം 27000 കടന്നു. 1500ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളുമുണ്ടായിരുന്നുവെന്നത് സർക്കാർ സംവിധാനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook