വാഷിങ്ടൺ: അമേരിക്കയിൽ കൊവിഡ്19 ബാധിച്ച് ആറ് പേർ മരിച്ചു. വാഷിങ്ടണിൽ നിന്നാണ് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലിഫോർണിയയിൽ മാത്രം ഇരുപത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ന്യൂ ഹാംപ്ഷെയറിൽ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.

ശനിയാഴ്ചയാണ് അമേരിക്കയില്‍ കൊറോണയെ തുടര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണയെ നേരിടാന്‍ യുഎസിലെ ഫ്‌ളോറിഡ സംസ്ഥാനത്ത് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്‌ളോറിഡയില്‍ രണ്ടു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നേരത്തെ വാഷിങ്ടണ്‍ സംസ്ഥാനത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കോവിഡ് ബാധ രൂക്ഷമായ ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Read More: ദുബായിൽ നിന്നു ഇന്ത്യയിലെത്തിയ ആൾക്ക് കൊറോണ; ആശങ്ക

കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ സൂപ്പർമാൻ സിനിമയുടെ ന്യൂയോർക്കിലെ ആദ്യ പ്രദർശനം റദ്ദാക്കി. ഇന്ത്യയുൾപ്പെടെ അറുപത് രാജ്യങ്ങളിലായി 90294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3,125 ആയി. ഇംഗ്ലണ്ടിൽ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയിൽ 52 പേരാണ് മരിച്ചത്. വൈറസ് വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് തീവ്രമാക്കി.

കൊറോണ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒമാനിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് മുൻകരുതൽ നടപടിയാണെന്നും കര, കടൽ, വായു എന്നിവയുൾപ്പെടെ എല്ലാ തുറമുഖങ്ങളിലും ഇത് ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ത്യയിൽ രണ്ട് പേർക്ക കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് ഡൽഹിയിലെത്തിയ ആൾക്കും ദുബായിൽ നിന്നു തെലങ്കാനയിലെത്തിയ ആൾക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വേനലവധി അടുത്തതിനാൽ ദുബായിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാർ നാട്ടിലേക്ക് വരുന്ന സമയമാണിത്. അതിനാൽ തന്നെ കോവിഡ് 19 ആശങ്ക രാജ്യത്ത് വർധിക്കുകയാണ്. വിമാനത്താവളങ്ങളിൽ കനത്ത പരിശോധനയാണ് നടക്കുന്നത്.

ഇന്ത്യയിൽ ആദ്യമായാണ് കേരളത്തിനു പുറത്ത് കൊറോണ സ്ഥിരീകരിക്കുന്നത്. നേരത്തെ കേരളത്തിൽ മൂന്ന് കേസുകളാണ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. മൂന്ന് പേരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി ഭേദപ്പെട്ടതിനെ തുടർന്നാണ് മൂവരും പിന്നീട് വീടുകളിലേക്ക് മടങ്ങിയത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook