ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. നാല് ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകൾ 7,19,665 ആയും മരണസംഖ്യ 20,160 ആയും വർധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 467 പേരാണ് ഈ സമയത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തുടനീളം 4,39,948 രോഗികൾ സുഖം പ്രാപിച്ചു. വീണ്ടെടുക്കൽ നിരക്ക് 61.13 ശതമാനമായി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നിൽ തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളുമുണ്ട്.
Read More: ഉറവിടമറിയാത്ത രോഗികളും സമൂഹവ്യാപന ഭീഷണിയും; കൊച്ചിയിൽ അതീവ ജാഗ്രത
നിലവിൽ, ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. റഷ്യയെ മറികടന്നാണ് ഇന്ത്യ മൂന്നാമതെത്തിയത്.
അതേസമയം, കൊറോണ വൈറസ് വായുവിലൂടെ ജനങ്ങളിലേക്ക് പകരുമെന്നതിന് തെളിവുകളുണ്ടെന്ന വാദവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തി. കോവിഡ്-19 നിർദേശങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യ സംഘടനയോട് നൂറുകണക്കിന് ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 32 രാജ്യങ്ങളിൽനിന്നുളള 239 ശാസ്ത്രജ്ഞർ ഡബ്ല്യുഎച്ച്ഒയ്ക്ക് ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയിട്ടുണ്ട്.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിനെക്കുറിച്ച് തെളിവുകളടക്കം അടുത്ത ആഴ്ച ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിക്കുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിട്ടുളളതെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഡബ്ല്യുഎച്ച്ഒ ഇതിൽ പ്രതികരിച്ചിട്ടില്ല.
കൊറോണ ബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവകണികകളിലൂടെ മറ്റുളളവരിലേക്ക് രോഗം പകരാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. എന്നാൽ കോവിഡ്-19 ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണങ്ങളിലുളള കൊറോണ വൈറസ് വായുവിലൂടെ പരന്ന് മറ്റുളളവർ ശ്വസിക്കുമ്പോൾ അവരെയും ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
അതേസമയം, കഴിഞ്ഞ വർഷം ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കോവിഡ് പ്രതിസന്ധി നേരിടാൻ വാക്സിനുകൾ വേഗത്തിൽ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.