ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ലോകത്ത് ആകമാനം ഇതുവരെ 1300ൽ അധികം ആളുകളിൽ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. ചൈനയിൽ ഇതുവരെ 1287 കേസുകൾ സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യ കമ്മീഷൻ ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച വരെ മരണ നിരക്ക് 26 ആയിരുന്നു. ഒറ്റ ദിവസം കൊണ്ടാണ് ഇത് 41 ആയി ഉയർന്നത്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നാണ് പുതിയ മരണങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read More: കൊറോണ വൈറസ്: കേരളത്തിൽ ഏഴ് പേർ നിരീക്ഷണത്തിൽ
റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഇതുവരെ സ്ഥിരീകരിച്ച മരണങ്ങളും ചൈനയിലാണ്. അതേസമയം തായ്ലൻഡ്, വിയറ്റ്നാം, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, നേപ്പാൾ, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിലും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
Read More: കൊറോണ ഭീതി: ചൈനയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ രണ്ടുപേര്‍ നിരീക്ഷണത്തില്‍
വന്യമൃഗങ്ങളെ അനധികൃതമായി കച്ചവടം നടത്തിയ വുഹാനിലെ ഒരു മാർക്കറ്റിൽ നിന്ന് ഉത്ഭവിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിശ്വസിക്കുന്ന വൈറസ്, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെങ്കിലും അത് അന്താരാഷ്ട്ര ആശങ്കയായി പ്രഖ്യാപിക്കേണ്ട ആവശ്യം നിലവിൽ ഇല്ലെന്നാണ് ലോക ആരോഗ്യ സംഘടന അറിയിക്കുന്നത്. വൈറസ് ആഗോളതലത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് യൂറോപ്പിലെ ആദ്യ കേസ് ഫ്രഞ്ച് അധികൃതർ റിപ്പോർട്ട് ചെയ്തത്.
ഒരുകോടിയിൽ അധികം ജനസംഖ്യ വരുന്ന വുഹാൻ മധ്യ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമാണ്. വുഹാൻ വിമാനത്താവളത്തിലെ മിക്കവാറും എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കുകയും പട്ടണത്തിന് പുറത്തേക്ക് പോകുന്ന പ്രധാന റോഡുകളും ചെക്പോസ്റ്റുകളും അടയ്ക്കുകയും ചെയ്തു.
വുഹാൻ ഒറ്റപ്പെടലിലേക്ക് നീങ്ങുമ്പോൾ, ഫാർമസികളിൽ മരുന്നുകൾ തീർന്നുതുടങ്ങുകയും ആശുപത്രികൾ പരിഭ്രാന്തരായ ജനങ്ങളെക്കൊണ്ട് നിറയുകയും ചെയ്തിരിക്കുന്നു. തിങ്കളാഴ്ചയോടെ 1,000 കിടക്കകളുള്ള ആശുപത്രി പണിയാൻ നഗരം ഒരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ പരിചരണത്തിൽ 658 രോഗികളാണ് വൈറസ് ബാധിച്ചതെന്ന് ഹുബെയുടെ ആരോഗ്യ അതോറിറ്റി അറിയിച്ചു. ഇതിൽ 57 പേർ ഗുരുതരാവസ്ഥയിലാണ്.
Read More: Explained: എന്താണ് കൊറോണ വൈറസ്? പ്രതിരോധം എങ്ങനെ? അറിയേണ്ടതെല്ലാം
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസുള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്കരണം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.