ബെയ്‌ജിങ്: കൊറോണ വൈറസ് പടരുന്ന ചൈനയിൽ മരണസംഖ്യ മുന്നൂറ് കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി സർക്കാർ അറിയിച്ചു. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടും ചൈനയിൽ അപകടകരമായ രീതിയിൽ കൊറോണ പടരുകയാണ്. ഇന്നലെ മാത്രം 50ൽ ഏറെ മരണങ്ങളുണ്ടായതാണ് റിപ്പോർട്ട്.

രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ ചൈനയിൽ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു.

Read More: സാമ്പത്തികമാന്ദ്യത്തിനു പരിഹാരം കാണാത്ത ബജറ്റ്

അതേസമയം വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലെത്തി. ഇന്നലെ 42 മലയാളികൾ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് എത്തിയ സംഘത്തെയും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ.

ഇന്നലെ ഡൽഹിയിലെത്തിയ സംഘത്തിൽ 42 മലയാളികളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ആളുകൾ ആന്ധ്രയിൽ(56) നിന്നാണ്. തമിഴ് നാട്ടിൽ നിന്ന് 53 പേരുണ്ട്. സംഘത്തിൽ 211 വിദ്യാർഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബങ്ങളും ഉൾപ്പെടുന്നു.

കൊറോണ വൈറസ് ബാധയില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 1793 പേരാണ്. 322 പേരാണ് ശനിയാഴ്ച വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. എന്നാല്‍ പുതിയ പോസ്റ്റീവ് കേസുകള്‍ ഒന്നും തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ചെറിയ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടങ്ങളിലായാണ് അറസ്റ്റ് നടന്നിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്ത ആറു പേര്‍ക്കെതിരെയും കേസെടുക്കുമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook