ബെയ്‌ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം മരിച്ചത് 116 പേർ. ചൈനയിലെ മരണ സംഖ്യ 1483 ആയി. ജപ്പാൻ, ഫിലിപ്പീൻസ്, ഹോങ്കോങ് എന്നിവടിങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ റിപ്പോർട്ട് ചെയ്ത 116 മരണങ്ങളും കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്നാണ്.

ജപ്പാനിൽ ഇന്നലെയാണ് പുതിയ മരണം സ്ഥിരീകരിച്ചത്. എൺപതുകാരിയാണ് മരിച്ചത്. ജനുവരി 22ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗിയെ ഫെബ്രുവരി ഒന്നിനായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സംശയത്തെത്തുടര്‍ന്ന് ഇവരുടെ രക്തം പരിശോധിക്കാനായി സാമ്പിള്‍ ശേഖരിച്ചിരുന്നുവെങ്കിലും പരിശോധനാഫലം വന്നത് ഇവരുടെ മരണശേഷമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതുവരെ ഹുബൈ പ്രവിശ്യയിൽ മാത്രം 51,986 ഉം ചൈനയിൽ ആകമാനം 65,000 കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ 25 രാജ്യങ്ങൾ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഹുബെയിൽ നിന്ന് ഒഴിപ്പിച്ചു.

Read More: ബിജെപി നേതാക്കളുടെ വിദ്വേഷ പരാമർശങ്ങൾ തിരിച്ചടിയായി; ഡൽഹി തിരഞ്ഞെടുപ്പ് തോൽവിയിൽ അമിത് ഷാ

വൈറസ് ലോകത്തിന് കനത്ത ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ കനത്ത പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.

അതേസമയം ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജാപ്പനീസ് കപ്പലിലുള്ള കൊറോണ കൊറോണ ബാധിതരായ ഇന്ത്യക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ രണ്ടു യാത്രക്കാര്‍ക്കും ഡല്‍ഹിയിലെത്തിയ ഒരു യാത്രക്കാരനുമാണ് കൊറോണ ബാധയുണ്ടെന്ന സംശയമുള്ളത്. ഇവരെ ആശുപത്രിയിലാക്കി പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരില്‍ ഒരാള്‍ അസുഖം മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ആലപ്പുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് അസുഖം മാറിയതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.

മറ്റു രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇവർക്കും ഉടൻ തന്നെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ നിന്നും പ്രത്യേക വിമാനത്തിൽ എത്തിച്ച 645 പേർ നിലവിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ തുടരുകയാണ്. ഇതിനിടെ ചൈനയിലേക്ക് മരുന്നും, കൈയ്യുറകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഇന്ത്യ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook