ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ രാജ്യത്തെ സൈന്യം സുരക്ഷിതമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും വലിയ അദൃശ്യയുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളെയും യോജിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യ ഇതിനെ നേരിടുന്നത്. മൂന്നു സേനാ വിഭാഗങ്ങളെയും അവയുടെ വൈറസ് ബാധയില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്താന്‍ കൃത്യമായ സംവിധാനം രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു. രാജ്യത്തെ ഏത് ആപത്തിൽ നിന്നും രക്ഷിക്കാൻ സൈന്യം സജ്ജമാണ്.

അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുകയാണ്. എന്നാൽ ഒരു വെടിയുണ്ട പോലും ഇന്ത്യൻ മണ്ണിലെത്താതെ തന്ത്രപരമായി അവയെ തടഞ്ഞുനിർത്താൻ സൈന്യത്തിനാകുന്നുണ്ട്.

Read More: കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ലോക്ക്‌ഡൗൺ ഇളവുകൾ

അതിർത്തിയിലെ സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിനായി കരസേനാ മേധാവി എം.എം നരവാനെ ലൈൻ ഓഫ് കൺട്രോൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. തീവ്രവാദികളെ ഇന്ത്യൻ മണ്ണിലേക്ക് തള്ളിവിടാനുള്ള പാകിസ്ഥാന്റെ ഏത് ശ്രമവും പരാജയപ്പെടുത്താൻ പരമാവധി ജാഗ്രത പാലിക്കാൻ അദ്ദേഹം സൈന്യത്തിന് നിർദേശം നൽകി.

അതേസമയം ഡൽഹിയിലെ ഏറ്റവും വലിയ ക്വാറന്റീൻ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഭാഗികമായി സൈന്യം ഏറ്റെടുത്തു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ നരേലയിലുള്ള ഈ കേന്ദ്രത്തിന്റെ പൂർണ ചുമതല സൈന്യത്തിനായിരിക്കും. ഡോക്ടർമാർ ഉൾപ്പെട്ട കരേസനയുടെ 40 അംഗ സംഘമായിരിക്കും നേതൃത്വം നൽകുക. ഇതു സംബന്ധിച്ച് ഞായറാഴ്ച്ച സൈന്യം പ്രസ്താവനയിറക്കിയിട്ടുണ്ട്. രാത്രി സമയം ഡൽഹി സർക്കാർ ഡോക്ടർമാരും മറ്റു ജീവനക്കാരും ഡ്യൂട്ടി നോക്കും.

ഏപ്രിൽ ഒന്നു മുതൽ കരേസനയിലെ ഡോക്ടർമാരും നഴ്സുമാരും ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നുണ്ട്. ആറ് മെഡിക്കൽ ഓഫിസർമാർ, 18 പാരാമെഡിക്കൽ ജീവനക്കാർ, സുരക്ഷ-ഭരണ നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരാണ് സൈന്യത്തിൽ നിന്നും ഈ ക്വാറന്റൈൻ കേന്ദ്രത്തിൽ സേവനം ചെയ്യുന്നത്. ഇപ്പോൾ സേവനം ചെയ്യുന്നവരെല്ലവരും തന്നെ സ്വമേധയ മുന്നോട്ടു വന്നിട്ടുള്ളവരാണെന്നും സൈന്യം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook