ബെയ്ജിങ്: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ നഗരം ഭാഗികമായി തുറന്നു. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷമാണ് നഗരം വീണ്ടും തുറക്കുന്നത്‌. നിയന്ത്രണങ്ങൾക്ക് ശേഷം വുഹാനിലെ റെയിൽവേ സ്റ്റേഷനിലേക്ക് വന്ന യാത്രക്കാരുടെ ചിത്രവും പുറത്തുവന്നു. നിലവിൽ വുഹാൻ നഗരത്തിലേക്ക് പ്രവേശിയ്ക്കാൻ ആളുകൾക്ക് അനുമതി നൽകി. എന്നാൽ ഇവിടം വിട്ട് പോകാൻ ഇപ്പോഴും നിയന്ത്രണങ്ങൾ ഉണ്ട്.

Read More: യുഎസിൽ പിഞ്ചുകുഞ്ഞ് മരിച്ചു; കോവിഡിൽ വിറങ്ങലിച്ച് ലോകം

ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 പേർക്കാണ് കോവിഡ് വൈറസ് ബാധയേറ്റത്. ഇതിൽ 3000 പേർ മരണപ്പെട്ടിരുന്നു. വുഹാനിലെ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ്​ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച പുതിയ 54 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ്​ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ചൈന തയാറായത്​.

ജനുവരി പകുതിയോടെയാണ് വുഹാന്‍ അടയ്ക്കുന്നത്. അതിര്‍ത്തികളിലെ റോഡുകളെല്ലാം അടച്ചു. യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ നഗരത്തിലെ 11 ദശലക്ഷം ആളുകള്‍ പുറംലോകവുമായി ഒറ്റപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെ റോഡുകളെല്ലാം തുറന്നു. ശനിയാഴ്ച മുതല്‍ സബ്വെ തുറക്കും. നഗരത്തിലെ 17 റെയില്‍വെ സ്റ്റേഷനുകളിലേക്ക് ട്രെയിനുകള്‍ എത്താനാവുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈറസ്​ ബാധ നിയന്ത്രിക്കുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ ചൈന കടുത്ത നിയന്ത്രണമാണ്​ ഏർപ്പെടുത്തുന്നത്​. വുഹാനിലെത്തുന്ന എല്ലാവരും ആരോഗ്യവാന്മാരാണെന്ന് തെളിയിക്കേണ്ടതുണ്ട്. ആഭ്യന്തര വിമാനങ്ങളുടെ വിലക്ക് നീക്കിയേക്കുമെന്ന് കരുതുന്ന ഏപ്രില്‍ എട്ട് മുതല്‍ വുഹാനില്‍നിന്ന് ആളുകള്‍ക്ക് പുറത്തേയ്ക്കുപോകാനുള്ള നിയന്ത്രണങ്ങള്‍ നീക്കും. വിമാന സർവീസുകളിൽ 75 ശതമാനത്തിൽ കൂടുതൽ ആളുകൾ പാടില്ലെന്നും നിബന്ധനയുണ്ട്​.

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 600,000 കവിഞ്ഞു. 30,000ത്തിൽ അധികം മരണങ്ങൾ സംഭവിച്ചുവെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 136,000 രോഗികൾ സുഖം പ്രാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook