ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്കി. മേയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സിന് വിതരണം ചെയ്യുക. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്നാണ് സ്പുട്നിക് 5 വാക്സിന് അനുമതി നല്‍കിയത്.
ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി സ്പുട്നിക്. ഈ വാക്സിന് ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ് ഇതുവരെ ഇന്ത്യയില്‍ സ്പുട്നിക് പരീക്ഷണം നടത്തിയത്. 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന് നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് നടപടി.
റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്നിക് 5 വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഡോ റെഡ്ഡീസ് ലാബോറട്ടറീസാണ് നിര്‍മ്മിക്കുന്നത്.എന്നാല്‍ റഷ്യയില്‍ നിന്നായിരിക്കും അടിയന്തര ഉപയോഗത്തിനുള്ള വാക്സീന് ഇന്ത്യ ഇറക്കുമതി ചെയ്യുക. 19,886 പേരില്‍ ഇതുവരെ പരീക്ഷിച്ച വാക്സിന് 91.6 ശതമാനമാണ് ഫലപ്രാപ്തി.
സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 1.61 ലക്ഷം പേര്‍ക്കു കൂടി കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിതി കൂടുതല്‍ രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. പുതുതായി 879 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. മൊത്തം മരണസംഖ്യ 1,71,058 ആയി.
തുടര്‍ച്ചയായ മുപ്പത്തി നാലാം ദിവസവും സജീവ കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. 12,64,698 ആണ് സജീവ കേസുകളുടെ എണ്ണം. മൊത്തം രോഗബാധിതരുടെ 9.24 ശതമാനമാണിത്. ഇതുവരെ 1,22,53,697 പേരാണ് രോഗമുക്തരായത്. അതേസമയം, മരണനിരക്ക് 1.25 ശതമാനമായി കുറഞ്ഞു. ഇതിനു മുന്‍പ് ഫെബ്രുവരി 12നായിരുന്നു ഏറ്റവും കുറഞ്ഞ സജീവ കേസുകളുള്ളത്. 1,35,926 ആയിരുന്നു അന്നത്തെ എണ്ണം. 10,17,754 പേര് ചികിത്സയിലുണ്ടായിരുന്ന സെപ്റ്റര്‍ 18നായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക്.
അതേസമയം, ഹരിദ്വാറിലെ കുംഭമേളയ്ക്കു 12 ദിവസം മാത്രം അവശേഷിക്കെ രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഫലപ്രദമായ താപ പരിശോധന, മാസ്ക് ധരിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാടുപെടുകയാണ്.
ഗംഗയിലെ രണ്ടാമത്തെ ഷാഹി സ്നാനിലേക്ക് തിങ്കളാഴ്ച വൈകിട്ടോടെ 28 ലക്ഷത്തിലധികം ഭക്തര്‍ എത്തി. ഞായറാഴ്ച രാത്രി 11.30 നും തിങ്കളാഴ്ച വൈകിട്ട് അഞ്ചിനുമിടയില്‍ 18,169 ഭക്തരെ കോവിഡ് ടെസ്റ്റിനു വിധേയമാക്കിയതായാണ് സംസ്ഥാന ആരോഗ്യവകുപ്പ് നല്കുന്ന വിവരം. ഇതില്‍ 102 പേര്‍ക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
രാജത്ത് ഇതുവരെ 10,85,33,085 ഡോസ് കോവിഡ് വാക്സിനാണു നല്‍കിയത്. 24 മണിക്കൂറിനിടെ 40 ലക്ഷം ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവറിനു കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
സിബിഎസ്ഇ പരീക്ഷ: പുനരാലോചനയുമായി കേന്ദ്രം
രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം ഉയരുന്ന പശ്ചാത്തലത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ നടത്തുന്നത് പുനരാലോചിക്കാന്‍ കേന്ദ്രം. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാണ് എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം കരുതുന്നത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ പരീക്ഷകള്‍ നടത്തരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിക്ക് പ്രിയങ്ക ഗാന്ധി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് അയക്കുകയും ചെയ്തു. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭയപ്പെട്ടിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.