വാഷിങ്‌ടൺ: കോവിഡ്-19 വാക്‌സിൻ ഈ വർഷം അവസാനത്തോടെ പുറത്തിറക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ലോകാരോഗ്യസംഘടന. കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ലോകാരോഗ്യസംഘടന തലവൻ ടെഡ്‌റോസ് അഥനോം ഗെബ്രിയേസൂസ് പ്രതീക്ഷ പ്രകടിപ്പിച്ചത്. “ഇപ്പോൾ ഒരു പ്രതീക്ഷയുണ്ട്. കോവിഡിനെതിരായ പ്രതിരോധ മരുന്ന് ഈ വർഷം അവസാനത്തോടെ പുറത്തിറക്കാൻ സാധിച്ചേക്കും,” ലോകാരോഗ്യസംഘടന തലവൻ പറഞ്ഞു.
Read Also: കോഴിക്കോട് ആശങ്കയായി യുവാക്കളിലെ കോവിഡ് വ്യാപനം; സാമൂഹിക അകലത്തിൽ വീഴ്‌ച
അടുത്തവര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ലോകത്ത് ഒൻപത് വാക്‌സിനുകളാണ് നിലവില്‍ പരീക്ഷണത്തിന്റെ നിർണായകഘട്ടത്തിൽ നിൽക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കോവാക്‌സിൻ കൂട്ടായ്‌മയിൽ 168 രാജ്യങ്ങൾ ഇതിനോടകം പങ്കാളികളായിട്ടുണ്ടെന്നും ടെഡ്‌റോസ് പറഞ്ഞു.
Read Also: ഏഴുമാസത്തിനു ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അതേസമയം, ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ലോകത്ത് പത്തിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ലോക ജനസംഖ്യയിലെ വലിയൊരു ശതമാനവും കോവിഡ് രോഗികളായിരിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ലോകജനസംഖ്യയിലെ പത്ത് ശതമാനം ആളുകൾക്കും കോവിഡ് ബാധിച്ചേക്കുമെന്നാണ് അനുമാനമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.