മുംബെെ: കോവിഡ്-19 ഏറ്റവും ഭീതി പരത്തിയ മഹാരാഷ്ട്രയിലെ മുംബെെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടി മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം രണ്ട് ആയി. മുംബെെയിലെ ഒരു കോൺസ്റ്റബിളാണ് ഇന്നു കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ നിര്യാണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനം രേഖപ്പെടുത്തി. “കോവിഡ് പ്രതിരോധത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. സ്വന്തം കുടുംബത്തെ പോലും മാറ്റിനിർത്തി സമൂഹത്തിനായി സേവനം ചെയ്യുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. ഇപ്പോൾ ജീവൻ നഷ്ടപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും.” താക്കറെ പറഞ്ഞു.
Read Also: നീ എന്തൊരു വെറുപ്പിക്കലാണ്; ചഹലിനോട് ഗെയ്ൽ
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,990 പേർക്ക് രോഗം ബാധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 26,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 26,496 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,868 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 49 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 824 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. ഗുജറാത്തിലും സ്ഥിതി സങ്കീർണമാണ്.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി മേയ് മൂന്ന് വരെ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഡൽഹിയടക്കമുള്ള ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും. മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയാണ് ആദ്യം രംഗത്തെത്തിയത്. അതിനുപിന്നാലെ മഹാരാഷ്ട്ര, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളും സമാന ആവശ്യം ഉന്നയിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണെന്നാണ് സംസ്ഥനങ്ങളുടെ അഭിപ്രായം.