ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 40000 കടന്നു. ഞായറാഴ്ച 2500 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 40263ലേക്ക് എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2487 കേസുകളും 73 മരണവുമാണ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ മൂന്നാം ഘട്ടം നാളെ ആരംഭിക്കാനിരിക്കെയാണ് കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വീണ്ടും രാജ്യത്ത് വർധനവ് രേഖപ്പെടുത്തുന്നത്.
കോവിഡ്-19 പ്രതിരോധത്തിലെ മുന്നണി പോരാളികൾക്ക് സൈന്യത്തിന്റെ ആദരം
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികൾക്ക് അസാധാരണമായ ആദരം ലഭിച്ച ദിവസംകൂടിയാണ് കടന്നുപോകുന്നത്. രാജ്യത്ത് ഇതിന് മുമ്പൊരിക്കലും ഇല്ലാത്ത തരത്തിൽ മൂന്ന് സേനകൾ സംയുക്തമായി ചേർന്നായിരുന്നു ആരോഗ്യപ്രവർത്തകരടക്കമുള്ളവർക്ക് ആദരമർപ്പിച്ചത്. ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ക്കു മുകളില്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. ശ്രീനഗറിൽ നിന്ന് തിരുവനന്തപുരത്തേക്കും അസമിലെ ദിബ്രുഗട്ടിൽ നിന്ന് ഗുജറാത്തിലെ കച്ചിലേക്കും വ്യോമസേനയുടെ ആകാശപരേഡുകളും നടന്നു.
ലോക്ക്ഡൗൺ 3.0 നാളെ മുതൽ
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നാളെ മുതൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. വൈറസിന്റെ വ്യാപനം, തീവ്രത എന്നിവ കണക്കാക്കി റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തരംതിരിച്ചാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
Read More | ലോക്ക്ഡൗൺ 3.0: നാളെ മുതൽ എന്തൊക്കെ ചെയ്യാം, ചെയ്യരുത്
റെഡ് സോണിൽ കടുത്ത നിയന്ത്രണം തുടരുമെങ്കിലും ചില ഇളവുകളും ലഭിക്കും. ഓറഞ്ച്, ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച്, ഗ്രീൺ സോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം ചില നിയന്ത്രണങ്ങൾ പൊതുവായിരിക്കും. വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുകയില്ല.
ഇതോടൊപ്പം ചില സംസ്ഥാനങ്ങൾക്ക് ഇളവുകൾ അനുവദിക്കണോ വേണ്ടയോയെന്ന കാര്യത്തിൽ പ്രത്യേക തീരുമാനങ്ങളെടുക്കാനും സാധിക്കും. മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും മദ്യവിൽപന പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ കേരളം, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാർ അനുമതി കൊടുത്തെങ്കിലും മദ്യവിൽപന വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മറുനാടൻ മലയാളികൾക്ക് പാസ് അനുവദിച്ച് കേരളം
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ യാത്രാ പാസ് അനുവദിച്ചുതുടങ്ങി. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്കാണ് പാസ് നൽകിത്തുടങ്ങിയത്.
Read More | കേരളത്തിലേക്ക് തിരിച്ചെത്താൻ പാസ്: ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ അറിയേണ്ടതെല്ലാം
നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക.
കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികൾ ഒഡിഷയിലെത്തി
കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളെയും വഹിച്ചുള്ള സ്പെഷ്യൽ ട്രെയിൻ ഒഡിഷയിലെത്തി. സംസ്ഥാനത്ത് നിന്നുള്ള 1150 ആളുകളാണ് സ്വദേശത്ത് മടങ്ങിയെത്തിയത്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് എറണാകുളം ജില്ലയിലെ ആലുവയിൽ നിന്നും യാത്രതിരിച്ച ട്രെയിൻ ഞായറാഴ്ചയാണ് ഒഡിഷയിലെത്തിയത്.
Read More | ‘ഭായ്’, പോയ് വരാം; വീടണയുന്ന സന്തോഷത്തിൽ അതിഥി തൊഴിലാളികൾ
നടപടികളുടെ കൃത്യമായ നടത്തിപ്പിനായി പോലീസ് ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘത്തെ ആലുവ റെയിൽവേ സ്റ്റേഷനിൽ വിന്യസിച്ചിരുന്നു. ട്രെയിനിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി സന്നദ്ധപ്രവർത്തകർ റൊട്ടി, വാഴപ്പഴം, വെള്ളം എന്നിവ പായ്ക്ക് ചെയ്തു നൽകിയാണ് യാത്രയാക്കിയത്.
സംസ്ഥാനത്ത് ഇന്ന് പുതിയ കോവിഡ് -19 കേസുകളില്ല: നാല് പുതിയ ഹോട്ട് സ്പോട്ട്
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് -19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 401 കോവിഡ് ബാധിതർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര് നിരീക്ഷണത്തിലാണ്. 21, 332 പേര് വീടുകളിലും 388 പേര് ആശുപത്രികളിലും. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എല്ലാ തൊഴിലിടങ്ങളിലും ഇനി ആരോഗ്യ സേതു ആപ്പ് നിർബന്ധം
മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ, പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും, സർക്കാരിന്റെ കോൺടാക്ട് ട്രേസിങ് ആപ്പായ ആരോഗ്യ സേതു ഉപയോഗിക്കണമെന്ന് ഉത്തരവ്. “ജീവനക്കാർക്കിടയിൽ ഈ ആപ്ലിക്കേഷന്റെ നൂറ് ശതമാനം ഉപയോഗം ഉറപ്പാക്കേണ്ടത് അതത് സ്ഥാനങ്ങളുടെ തൊഴിൽ ദാതാവിന്റെ ഉത്തരവാദിത്തമായിരിക്കും,” ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
Read More | കൊറോണ വൈറസിനെ ‘പുറത്തുചാടിച്ച’ കണ്ണൂർ മോഡൽ