ചെന്നൈ: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഐസൊലേഷൻ ക്യാംപിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവ് കാമുകിയെ കാണാൻ കടന്നുകളഞ്ഞു. ആരോഗ്യവിദഗ്‌ധരുടെ കണ്ണുവെട്ടിച്ചാണ് യുവാവ് ക്യാംപിൽ നിന്നു പുറത്തുകടന്നത്. ദുബായിൽ നിന്ന് മധുരയിലെത്തിയ 24 കാരനായ യുവാവിനെ വിമാനത്താവളത്തിനടുത്തുള്ള ഐസൊലേഷൻ ക്യാംപിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾക്കൊപ്പം വേറെ എട്ടു പേരേയും മധുരയിലെ ക്യാംപിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഇയാൾ ചാടിപ്പോയത്.

ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ ശേഷമാണ് വിജയ് എന്ന യുവാവ് ചെന്നൈയിലേക്ക് എത്തുന്നത്. വിമാനത്താവളത്തിലെത്തിയ ഉടനെ പരിശോധനകൾക്ക് ശേഷം ഇയാളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ഇവിടെനിന്ന് ബുധനാഴ്‌ച വൈകീട്ടോടെ ഇയാൾ പുറത്തുകടന്നു. ശിവഗംഗ എന്ന ഗ്രാമത്തിലെത്തി പ്രണയിനിയുമായി കൂടിക്കാഴ്‌ച നടത്തി. ആരോഗ്യവിദഗ്‌ധർ പൊലീസിനെ വിവരമറിയിച്ചതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ഒടുവിൽ ഇയാളെ ശിവഗംഗ ഗ്രാമത്തിൽ നിന്നു കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിൽ ഒരിടത്തുവച്ച് പ്രണയിനിയുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു ഇയാൾ

.Read Also:സുകുവും മുരളിയും പയസും കഞ്ഞിക്കുഴിയും; ലോക്ക്ഡൗണിലും ‘ക്ലാസ്‌മേറ്റ്‌സ്’ ഒന്നിച്ച്

ബുധനാഴ്‌ച രാത്രിയാണ് യുവാവിനെ പ്രണയിനിക്കൊപ്പം പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ സിഗ്നൽ നോക്കിയാണ് യുവാവ് ശിവഗംഗയിലെത്തിയ കാര്യം പൊലീസ് മനസിലാക്കുന്നത്. മണിക്കൂറുകൾ ഇയാൾക്കായി തിരച്ചിൽ നടത്തി.

ഇരുവരുടെയും പ്രണയബന്ധത്തിനു പെൺകുട്ടിയുടെ വീട്ടുകാർ എതിരായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി വീടുവിട്ടിറങ്ങി. കാമുകൻ നാട്ടിലെത്തിയതറിഞ്ഞ് ശിവഗംഗയിൽ വച്ച് കൂടിക്കാഴ്‌ച നടത്താൻ തീരുമാനിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടയിലാണ് നിർബന്ധിത ക്വാറന്റൈൻ ലംഘിച്ചതിന്റെ പേരിൽ പൊലീസ് യുവാവിനെ പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാരും യുവാവിനെതിരെ പരാതി നൽകിയിട്ടുണ്ട്.

Read Also: പുസ്തകങ്ങളുടെ പിഡിഎഫ് ഓൺലൈനിൽ പ്രചരിപ്പിച്ചാൽ പണികിട്ടും

യുവാവിനെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയയ്ക്കുകയുമാണ് പൊലീസ് ചെയ്‌തത്. വിദേശത്തു നിന്ന് എത്തിയവർ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കണമെന്നാണ് നിർദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook