ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ രാജ്യത്തെ കോവിഡ് കണക്കുകൾ ആശങ്കയുണർത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4000ത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും നൂറ് പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 81,970 ആയി. മരണ സംഖ്യ 2,649 ആയി ഉയർന്നു. നിലവിൽ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര്‍ രോഗമുക്തരായി.

രാജ്യത്ത് കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1602 കേസുകളാണ്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 25 മരണവും മുംബൈയിലാണ്. സംസ്ഥാനത്ത് 1,019 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 6,059 പേർക്ക് രോഗം ഭേദമായി. സ്ഥിതി രൂക്ഷമായതോടെ മുംബൈ നഗരത്തിൽ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയേക്കുമെന്നാണ് സൂചന.

Read More: ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്തെത്തി; യാത്രക്കാരന് കോവിഡ് ലക്ഷണം

രാജ്യതലസ്ഥാനത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 8,470 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 115 പേര്‍ ഇവിടെ കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച മാത്രം 472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലേയും സ്ഥിതി മോശമാണ്. ഗുജറാത്തിൽ 9591 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ 4,173 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 232 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 4,328 കേസുകളാണ് ഇതുവരെ രാജസ്ഥാനില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

കേരളത്തില്‍ വ്യാഴാഴ്ച മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും നാലുപേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ബെംഗളൂരുവില്‍ നിന്നും വന്നതാണ്. 11 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതോടെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 560 ആയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook