ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ തങ്ങളുടെ വാക്സിൻ വിജയകരമെന്ന് അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മോഡേൺ ഐഎൻസി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ചൈനയിൽ നിന്നും മറ്റൊരു കമ്പനി കൂടി രംഗത്ത്. കൻസിനോ ബയോളജിക്സ് ഐഎൻസിയാണ് തങ്ങൾ വികസിപ്പിച്ചിരിക്കുന്ന വാക്സിൻ മനുഷ്യരിലും വിജയകരമാണെന്ന് അറിയിച്ചിരിക്കുന്നത്. സുരക്ഷിതവും ആളുകളെ കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കുന്നതുമാണ് വാക്സിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് 5.5 മില്ല്യൺ ആളുകളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 338249 പേർ വൈറസ് ബാധ മൂലം മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിൽ വാക്സിൻ രാജ്യങ്ങൾക്ക് അവരുടെ സമ്പത് വ്യവസ്ഥ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിന് സഹായകമാകുമെന്നാണ് കരുതുന്നത്.
Also Read: Explained: കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു?
ഇതുവരെ നൂറിലധികം വാക്സിനുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ്-19നെതിരായ വികസിപ്പിച്ചിരിക്കുന്നത്. കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള ഗവേഷണം ഇന്ത്യയിൽ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ഒരു വർഷത്തിനുള്ളിൽ എന്തെങ്കിലും പുരോഗതി കൈവരിക്കില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
നിലവിൽ സിഡസ് കാഡില ഒന്നിലധികം വാക്സിനുകളുടെ പരീക്ഷണത്തിലാണ്. സെറം ഇൻസ്റ്റ്യൂട്ട്, ബയോളജിക്കൽ ഇ, ഭാരത് ബയോടെക്, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ്, മിൻവാക്സ് എന്നീ സ്ഥാപനങ്ങളും വാക്സിന്റെ വികസനത്തിനുള്ള പഠനങ്ങളിലാണ്.
Also Read: കോവിഡ്-19 വാക്സിന്: അന്വേഷണവഴിയില്‍ ഇന്ത്യയും
നേരത്തെ ഇറ്റലി, ഇസ്രയേൽ രാജ്യങ്ങളും വാക്സിൻ കണ്ടെത്തിയെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന് പരീക്ഷണമെന്നാണ് ഇറ്റലി അറിയിക്കുന്നത്. കോശത്തിലെ കൊറോണ വൈറസിനെ വാക്സിന് നിര്‍വീര്യമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് ആണ് മരുന്ന് കണ്ടെത്തിയത്. ഇസ്രയേൽ പ്രതിരോധമന്ത്രി നാഫ്റ്റലി ബെന്നറ്റ് ആണ് വിവരം അറിയിച്ചത്. നെസ്സ് സിയോണയിലുള്ള രഹസ്യ റിസർച്ച് സെന്ററിലായിരുന്നു മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നത്.