ന്യൂയോർക്: കോവിഡ്-19 മഹാമാരിക്കു മുന്നിൽ വിറങ്ങലിച്ചു അമേരിക്ക. ദിനംപ്രതി മരണസംഖ്യ വർധിക്കുന്നത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നു. വരുന്ന രണ്ട് ആഴ്‌ചക്കാലം ഏറ്റവും വിഷമകരമായ സമയമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് ആവർത്തിച്ചു.

നിലവിലെ സ്ഥിതി വളരെ മോശമാണ് അമേരിക്കയിൽ. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതാണ് പ്രധാന കാരണം. ബ്രസീലിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രകൾ പൂർണ്ണമായി വിലക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് അമേരിക്ക.

Read Also: റോഡുകളിലെ തിരക്ക്; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും

അതേസമയം, വെെറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോർക് ടെെംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിക്കുന്നത്.

അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് മരിച്ചത്. ന്യൂയോര്‍ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോർട്ട് അതോറിറ്റിയില്‍ ജീവനക്കാരനാണ്. കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇയാൾ. കടുത്ത പനിയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also: Horoscope Today April 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അമേരിക്കയിൽ കോവിഡ് വെെറസ് ബാധ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മരണസംഖ്യയും ഉയരുന്നു. അമേരിക്കയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,500 കടന്നു. ചെെനയിലേക്കാൾ മരണസംഖ്യ അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിൽ 865 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചത് മരിച്ചത്.

അതേസമയം, ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. എട്ടര ലക്ഷത്തോളം ആളുകൾക്കാണ് ലോകത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡിനെ പ്രതിരോധിക്കാൻ കനത്ത ജാഗ്രത തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook