ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം. ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് ഏതു ബാങ്കിന്റെ എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാം. ഇതിനു പ്രത്യേക നിരക്ക് ഈടാക്കില്ല.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഫീസ് ഈടാക്കി. ഡിജിറ്റല്‍ വ്യാപാര ഇടപാടുകള്‍ക്കുള്ള ബാങ്ക് ചാര്‍ജ് കുറയ്ക്കും. മന്ത്രിയുടെ പ്രഖ്യാപനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ:

ആദായനികുതി റിട്ടേണ്‍ ജൂണ്‍ 30 വരെ

2018-2019 ലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെയാണു നീട്ടിയത്. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ നിരക്ക് 12 ശതമാനത്തില്‍നിന്ന് ഒന്‍പതായി കുറച്ചിട്ടുണ്ട്.

നികുതിതര്‍ക്ക പരിഹാര പദ്ധതിയായ ‘വിവാദ് സേ വിശ്വാസ്’ മൂന്ന് മാസത്തേക്ക് നീട്ടിയതായാണു ധനമന്ത്രി പ്രഖ്യാപിച്ചത്. ജൂണ്‍ 30 വരെയാണു പദ്ധതി നീട്ടിയത്. ഈ സമയ പരിധിയില്‍ പദ്ധതി ഉപയോഗപ്പെടുത്തുന്നവര്‍ മൊത്തം നികുതിത്തുകയുടെ 10 ശതമാനം അധിക പലിശ നല്‍കേണ്ടതില്ല.

Read Also: ‘എത്രകാലം പിടിച്ചുനിൽക്കാനാവുമെന്ന് അറിയില്ല’- നാട്ടിലെത്തിക്കാനപേക്ഷിച്ച് ഫിലിപ്പീൻസിലെ ഇന്ത്യൻ വിദ്യാർഥികൾ

ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴയില്ല

മാര്‍ച്ച്-മേയ് കാലത്തെ ജിഎസ്‌ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതായി ധനമന്ത്രി അറിയിച്ചു. ചെറു കമ്പനികള്‍ ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു വൈകിയാല്‍ അധിക ഫീസോ പിഴയോ പലിശയോ ഈടാക്കില്ല.
അഞ്ചു കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കാണ് ഈ ഇളവ്. കുറഞ്ഞ പലിശ നിരക്കായ ഒമ്പത് ശതമാനമാണ് ഈടാക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

Read Also: കോവിഡ്-19: സാമ്പത്തിക പാക്കേജ് ഉടന്‍, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി

പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ജൂണ്‍ 30 വരെ

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ സര്‍ക്കാര്‍ നീട്ടി. നിലവില്‍ മാര്‍ച്ച് 31 ആയിരുന്ന പാന്‍-ആധാര്‍ ബന്ധിപ്പിക്കലിനുള്ള അവസാന തിയതി. കൂടാതെ, ആദായനികുതി നിയമപ്രകാരം വിവിധ നോട്ടീസുകള്‍ പുറപ്പെടുവിക്കാനുള്ള തിയതിയും നീട്ടി.

കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനം

കയറ്റുമതി-ഇറക്കുമതി മേഖലയ്ക്ക് ആശ്വാസം നല്‍കുന്നതാണു മറ്റൊരു പ്രഖ്യാപനം. കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. കമ്പനികളുടെ ബോര്‍ഡ് മീറ്റിങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കി.

സാമ്പത്തിക പാക്കേജ് ഉടന്‍

കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള ആഘാതത്തെ മറികടക്കാന്‍ ഉടന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും വൈകാതെ പ്രഖ്യാപിക്കാമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അതേസമയം, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നു ധനമന്ത്രി വ്യക്തമാക്കി.

Read in English: New deadline for tax returns, insolvency threshold raised: Top announcements by Nirmala Sitharaman

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook