ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 17 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 549 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു ആഴ്‌ചയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.

കോവിഡ് ബാധിച്ച് ഇന്ത്യയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 169 ആയി. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 5,734 ആയി. രാജ്യത്ത് ഇതുവരെ 1,30,000 പേരുടെ സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് നിരീക്ഷണത്തിനു 80,000 ഐസൊലേഷൻ ബെഡുകൾ ഒരുക്കാൻ 5,000 കോച്ചുകൾ ഉപയോഗിക്കും. ഇന്ത്യൻ റെയിൽവേയുടെ സഹകരണത്തോടെയാണിത്. ഒൻപത് സംസ്ഥാനങ്ങളിലേക്ക് കോവിഡ് പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also: കോവിഡ്-19: ചെെനയിൽ നിന്നുള്ള മാസ്കുകൾക്ക് എന്താണ് പ്രശ്നം? തിരിച്ചയച്ച് കൂടുതൽ രാജ്യങ്ങൾ

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. ഇതുവരെ 15 ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടായിരത്തിലേറെ പേർ മരിച്ചതായാണ് കണക്കുകൾ. ഇറ്റലിയിലാണ് കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ. ഇതുവരെ ഇറ്റലിയിൽ 17,669 പേർ മരിച്ചു. സ്‌പെയിനിൽ 14,792 പേർ മരിച്ചു. ഫ്രാൻസിൽ 10,869 പേർ മരിച്ചു.

അതേസമയം, കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചന നൽകി. വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചർച്ചയിൽ പങ്കെടുത്ത നേതാക്കളിൽ ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രധാനമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗത്തിൽ പറഞ്ഞു.

Read Also: കോവിഡ്-19: വിദ്യാഭ്യാസ കലണ്ടറിൽ ക്രമീകരണമുണ്ടായേക്കും, എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കും

ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിൻവലിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പിനകി മിശ്ര പറഞ്ഞു. കൊറോണക്ക് മുൻപും പിൻപുമുള്ള ജനജീവിതം വ്യത്യാസപ്പെട്ടിരിക്കുമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പറഞ്ഞു. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങൾ കൂടി കേന്ദ്രം ആരായും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook