ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14 നു ശേഷവും നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഏപ്രിൽ 15 മുതൽ വീണ്ടും രണ്ട് ആഴ്‌ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റാവു ആവശ്യപ്പെട്ടു. തെലങ്കാനയിൽ രണ്ട് ആഴ്‌ച കൂടി ലോക്ക്ഡൗൺ തുടരുമെന്നാണ് ഇതിൽ നിന്നു വ്യക്‌തമാകുന്നത്. രാജ്യത്തും ലോക്ക്ഡൗൺ നീട്ടണമെന്ന് റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പ്രതിവിധിയെന്നാണ് ചന്ദ്രശേഖര റാവു പറയുന്നത്.

ലോക്ക്ഡൗണും സാമൂഹിക അകലവും മാത്രമാണ് കോവിഡിനെ ചെറുക്കാനുള്ള മാർഗമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയവും ആരോഗ്യ വിദഗ്‌ധരും കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ലോക്ക്ഡൗൺ നീട്ടുമെന്ന തരത്തിലുള്ള വാർത്തകൾ സത്യമല്ലെന്ന് മാർച്ച് 30 നു കേന്ദ്രം പറഞ്ഞിരുന്നു. അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യത്തോടെ കാണുന്നതായും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചിരുന്നു.

Read Also:കോവിഡ്-19 ലോക്ക്ഡൗൺ: മൊബൈൽ, കംപ്യൂട്ടർ ഷോപ്പുകൾ ആഴ്ചയിലൊരിക്കൽ തുറക്കുന്നത് പരിഗണിക്കും

എന്നാൽ, രാജ്യത്ത് ഏപ്രിൽ 14ന് ലോക്ക്ഡൗണ്‍ പിൻവലിച്ചാലും കോവിഡ്-19 രൂക്ഷമായി ബാധിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് 274 ജില്ലകളിലാണ് ഒരുമാസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും.

ഇതുമായി ബന്ധപ്പെട്ട് 20 പേജുള്ള രേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു. കേരളത്തിൽ കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണം ഒരു മാസത്തേക്ക് കൂടി നീട്ടുക. ഇവിടങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായും നിരോധിക്കും. പൊതുഗതാഗതവും നിരോധിക്കും. അവശ്യസേവനങ്ങള്‍ തുടരാം.

Read Also: കോവിഡ് ഇല്ലാത്ത രോഗികൾക്ക് കർണാടകയിലെ ആശുപത്രികളിലേക്ക് പോവാം, സർട്ടിഫിക്കറ്റ് ഹാജരാക്കണം

രാജ്യത്ത് കോവിഡ്-19 വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ്-19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24 മുതല്‍ 21 ദിവസത്തേയ്ക്കാണ് ലോക്ക്ഡൗണ്‍. രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook