ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. ഇന്നലെ വരെയുള്ള കണക്കനുസരിച്ചാണ് ഇത്. ഇതിൽ 15 പേർ ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരോ അതുമായി ബന്ധപ്പെട്ടവരോ ആണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഇവരിൽ രോഗം സ്ഥിരീകരിക്കുകയും പിന്നീട് മരിക്കുകയും ചെയ്‌തു. ചിലർ മരിച്ച ശേഷമാണ് കോവിഡ് ബാധിച്ചിരുന്നു എന്ന കാര്യം അറിയുന്നത്.

ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. നിസാമുദ്ദീനിൽ നിന്ന് മാറ്റിയ നിരവധി പേരിൽ രോഗലക്ഷണം കാണുകയും ചിലരിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത 141 പുതിയ കേസുകളിൽ 129 പേരും നിസാമുദ്ദീൻ മർകസിൽ നിന്നുള്ളവരാണ്. ഡൽഹിയിലെ ആകെ 293 കേസുകളിൽ 182 കേസുകളും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 2,069 ആണ്. ഇതിൽ 400 കേസുകൾ നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടതോ സമ്മേളനത്തിൽ നേരിട്ടു പങ്കെടുത്തവരോ ആണ്. ഇവരിൽ നിന്ന് സാമൂഹ്യവ്യാപനമുണ്ടായിട്ടുണ്ടോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.

Read Also: ചികിത്സയിലുള്ളത് 256 പേർ; അതീവ ജാഗ്രതയിൽ കേരളം

രാജ്യത്തെ 53 മരണങ്ങളിൽ 15 എണ്ണവും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതിൽ ഒൻപത് പേർ തെലങ്കാനയിലാണ് മരിച്ചത്. ഡൽഹി, ഗുജറാത്ത്, കർണാടക, മുംബെെ, കശ്‌മീർ, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മരിച്ചു. നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട 9,000 ത്തോളം ആളുകളെ നിരീക്ഷണത്തിൽ കൊണ്ടുവന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലാവ് അഗർവാൾ ഇന്നലെ പറഞ്ഞു. 1,306 വിദേശികളടക്കമാണിത്. തമിഴ്‌നാട്ടിൽ മാത്രം നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ട 173 പേരിൽ കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇവരിൽ പലരും സംസ്ഥാനത്തിനുള്ളിലും പുറത്തും നിരവധി യാത്രകൾ നടത്തിയിട്ടുള്ളവരാണ്. ഇതെല്ലാം ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു.

അതേസമയം, ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.

Read Also: കോവിഡ്-19: പട്ടിയിറച്ചിയും പൂച്ചയിറച്ചിയും നിരോധിച്ച് ചെെനയിലെ ഷെങ്സെൻ നഗരം

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 328 പുതിയ കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. 2069 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 53 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കേരളത്തിൽ 21 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ആകെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook