ന്യൂഡൽഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് ഈ ഘട്ടത്തില്‍ നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. പ്രവാസികളെ നാട്ടിലെത്തിക്കുന്നതു ഇന്ത്യയുടെ പ്രതിരോധപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കോഴിക്കോട് എംപി എം.കെ.രാഘവനും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. പുറം രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നവരെ നാട്ടിൽ എത്തിക്കാൻ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രവാസികൾ ഇപ്പോൾ ആയിരിക്കുന്നിടത്ത് തുടരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഏഴ് ഹർജികളും നാലാഴ്ചയ്ക്കകം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Read Also: കോവിഡ്-19 ഡാറ്റാ വിവാദം: എന്താണ് സ്പ്രിങ്ക്ളർ? ആരാണ് റാഗി തോമസ്?
കോവിഡ് വൈറസ് പടരുന്നതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതിനുള്ള പരിഹാരങ്ങളെ സംബന്ധിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ എം.കെ.രാഘവനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുപോകാൻ ഇന്ത്യയടക്കമുള്ള മാതൃരാജ്യങ്ങൾ തയ്യാറാകണമെന്ന് യുഎഇ ആവശ്യപ്പെട്ടിരുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുപോകാൻ തയ്യാറാകാത്തപക്ഷം അതാതു രാജ്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുഎഇ പറഞ്ഞു. തിരിച്ചുകൊണ്ടുവരാൻ വിസമ്മതിക്കുന്ന രാജ്യങ്ങളുമായുള്ള തൊഴിൽകരാർ പുനഃപരിശോധിക്കുമെന്നും യുഎഇ താക്കീത് നൽകിയിരുന്നു.
അതേസമയം, കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതു നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ഏതെല്ലാം മേഖലകളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും നാളെ അറിയാം.