ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശശി തരൂർ എംപി അടക്കമുള്ള നേതാക്കൾ രംഗത്ത്. ലോക്ക്ഡൗണിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളെല്ലാം വീടുകളിൽ വിളക്ക് കത്തിക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂർ, പി.ചിദംബരം, രാമചന്ദ്ര ഗുഹ എന്നിവർ രംഗത്തെത്തിയത്.

ജനങ്ങളുടെ വേദന എങ്ങനെ തുടച്ചുനീക്കാം എന്നതിനെ കുറിച്ച് മോദി പറഞ്ഞില്ലെന്ന് ശശി തരൂർ ആരോപിച്ചു. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ലെന്ന് തരൂർ ട്വീറ്റ് ചെയ്‌തു. പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തെ ‘പ്രധാൻ ഷോ മാൻ’ എന്നാണ് തരൂർ അഭിസംബോധന ചെയ്‌തിരിക്കുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള ഭാവികാര്യങ്ങളെ കുറിച്ച് മോദി ഒന്നും പറഞ്ഞില്ലെന്നും തരൂർ കുറ്റപ്പെടുത്തി.

പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയും പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തി. ദുരന്തകാലത്തെ പ്രഹസനമെന്നാണ് രാമചന്ദ്ര ഗുഹ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തെ പരോക്ഷമായി പരിഹസിച്ചിരിക്കുന്നത്. 21-ാം നൂറ്റാണ്ടിലെ ദുരിതകാലത്ത് നമുക്കൊരു പ്രഹസനമുണ്ടെന്ന് രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്‌തു.

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരവും മോദിയെ വിമർശിച്ചു. പാവപ്പെട്ടവർക്കുവേണ്ടിയുള്ള എന്തെങ്കിലും കാര്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

ഞായറാഴ്‌ച (ഏപ്രിൽ അഞ്ച്) രാത്രി ഒൻപതിനു എല്ലാവരും വീടുകളിലെ ലൈറ്റ് ഓഫ് ചെയ്‌ത് വിളക്കോ മെഴുകുതിരിയോ കത്തിക്കുകയോ ടോർച്ച്, മൊബൈൽ ഫോൺ ലൈറ്റ് എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഒൻപത് മിനിറ്റ് ഇങ്ങനെ വെളിച്ചം തെളിയിക്കണം. വീടിന്റെ വാതിൽക്കലോ മട്ടുപ്പാവിലോ നിന്ന് ഇങ്ങനെ വെളിച്ചം തെളിയിക്കണം. ഒൻപത് മിനിറ്റ് വെളിച്ചം തെളിയിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ വൈറസ് എന്ന അന്ധകാരത്തെ പ്രതിരോധിക്കുന്നതിന്റെ സൂചനയായാണ് ഇതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Read Also: പുര കത്തുമ്പോൾ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങിയിട്ടുണ്ട്: ലിജോ ജോസ് പെല്ലിശ്ശേരി

“കൊറോണ വൈറസിനെ നമ്മൾ ഒന്നിച്ചു പ്രതിരോധിക്കണം. ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്‌ക്കാണെന്ന് ആരും വിചാരിക്കേണ്ട. നമ്മൾ ഒന്നിച്ചാണ് ഇതിനെതിരെ പോരാടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം നടപ്പിലാക്കിയ ലോക്ക്ഡൗൺ ലോകശ്രദ്ധ നേടി. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ നടപടി മാതൃകയാക്കുകയാണ്. ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു. ജനങ്ങളുടെ സഹകരണം വലിയ മാതൃകയാണ്. മാർച്ച് 22 ലെ ജനതാ കർഫ്യൂവും മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി,” വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook