ന്യൂഡൽഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ പാവപ്പെട്ടവരെ സംരക്ഷിക്കാൻ 65,000 കോടി രൂപ വേണമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ രഘുറാം രാജൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിലാണ് രഘുറാം രാജൻ ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് ഗുണം ചെയ്യില്ലെന്നും രഘുറാം രാജൻ പറഞ്ഞു. ലോക്ക്ഡൗൺ പിൻവലിക്കേണ്ടത് കൃത്യമായ ആസൂത്രണങ്ങളോടെ വേണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: Covid-19 Live Updates: കോവിഡ് ബാധിതരുടെ എണ്ണം 33,050; മേയ് നാല് മുതൽ രാജ്യത്ത് ഇളവുകൾ

“ഏറെ നാളത്തേക്ക് പാവപ്പെട്ടവരെ സംരക്ഷിക്കാനും അവർക്ക് ഭക്ഷണം നൽകാനുമുള്ള ത്രാണി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കില്ല. ശ്രദ്ധിച്ചുവേണം ഇനിയുള്ള നടപടികൾ സ്വീകരിക്കാൻ. ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കോവിഡ് പ്രതിസന്ധി മറികടന്ന ശേഷം കൃത്യമായ പദ്ധതികൾ വേണം. ആഗോള സമ്പദ്‌വ്യവസ്ഥയിൽ തന്നെ മാറ്റങ്ങൾ വരും. ഇതേക്കുറിച്ചെല്ലാം വിശദമായ ചർച്ചകൾ നടക്കണം. സംവാദങ്ങൾ വേണം. ലോക്ക്ഡൗൺ ആയതോടെ രാജ്യത്തെ നിരവധി പേർക്ക് സുരക്ഷിതത്വം നഷ്‌ടപ്പെട്ടു. ഒരുപാട് ആളുകൾക്ക് അവരുടെ ജോലി നഷ്‌ടപ്പെട്ടു,” രഘുറാം രാജൻ പറഞ്ഞു

Read Also: എന്തുകൊണ്ട് ട്വിറ്ററിൽ മോദിയെ അൺഫോളോ ചെയ്തു? വൈറ്റ് ഹൗസിന്‌റെ വിശദീകരണം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്‌മ അതിരൂക്ഷമാണെന്നും ലോക്ക്ഡൗണിന് ശേഷം അത് കൂടുതൽ സങ്കീർണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “ജനങ്ങളിൽ പരസ്‌പരം ആശ്രയിക്കാനുള്ള മനോഭാവം വളരെ കുറഞ്ഞിട്ടുണ്ട്. ഇവിടുത്തെ സംവിധാനത്തിൽ വലിയൊരു വിഭാഗം ആളുകൾക്കും വിശ്വാസക്കുറവുണ്ട്. ഇതെല്ലാമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. നമുക്കിവിടെ വലിയ തോതിൽ തൊഴിലില്ലായ്‌മയുണ്ട്. അത് ഇനിയും കൂടുതൽ രൂക്ഷമാകാനാണ് സാധ്യത,” രാഹുൽ പറഞ്ഞു.

ദേശീയ, രാജ്യാന്തര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള രാഹുൽ ഗാന്ധിയുടെ വിഡിയോ ആശയവിനിമയ പരമ്പരയിലെ ആദ്യത്തെ വിഡിയോയാണ് ഇന്നു പുറത്തുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook