ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള എല്ലാ എംപിമാരുടേയും ശമ്പളം വെട്ടിക്കുറച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ ഒരു സാമൂഹ്യപ്രതിബദ്ധത എന്ന രീതിയിൽ രാഷ്‌ട്രപതിയുടേയും ഉപരാഷ്‌ട്രപതിയുടേയും അടക്കം ശമ്പളം വെട്ടിക്കുറയ്‌ക്കുന്നുണ്ട്.
ശമ്പളം വെട്ടിക്കുറയ്‌ക്കാൻ രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവർ സ്വമേധയാ അറിയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന തുകയെല്ലാം ഇന്ത്യയുടെ സഞ്ചിത നിധിയിലേക്ക് പോകും. എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ തീരുമാനിച്ചതായും ജാവദേക്കർ അറിയിച്ചു. എംപിമാരുടെ ശമ്പളം, അലവൻസുകൾ എന്നിവയുമായി ബന്ധപ്പെട്ട 1954 ലെ പാർലമെന്റ് നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചതായി ജാവദേക്കർ വ്യക്‌തമാക്കി.
എംപിമാരുടെ ഏപ്രിൽ ഒന്ന് മുതലുള്ള ശമ്പളവും അലവൻസുകളും 30 ശതമാനമാണ് വെട്ടിക്കുറയ്‌ക്കുക. എംപിമാരുടെ ഫണ്ട് വെട്ടിക്കുറയ്‌ക്കാനും ധാരണയായിട്ടുണ്ട്. ഇത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. 2020-21, 2021-22 വർഷങ്ങളിലെ എംപി ഫണ്ട് താൽക്കാലികമായി വെട്ടിക്കുറയ്‌ക്കാനാണ് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. ഇതിലൂടെ 7,900 കോടി രൂപ രാജ്യത്തെ സഞ്ചിത നിധിയിലേക്ക് ലഭിക്കും.
എന്നാൽ, എംപി ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കേരളത്തിലെ എംപിമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എംപിമാരുടെ അനുമതിയില്ലാതെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും ശമ്പളം വെട്ടിക്കുറച്ചതിലല്ല, എംപി ഫണ്ട് വെട്ടിക്കുറച്ചതിലാണ് പരാതിയെന്നും കേരളത്തിൽ നിന്നുള്ള ഇടത്-വലത് എംപിമാർ പറഞ്ഞു.
Read Also: ലോക്ക്ഡൗണിനു ശേഷം കേരളത്തിലെ 7 ജില്ലകളിൽ കർശന നിയന്ത്രണം
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗമാണ് വർധിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 4067 ആയി. 109 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. മാർച്ച് 31 ന് രോഗം ബാധിച്ചവരുടെ എണ്ണം 1251ഉം മരിച്ചവർ 32ഉം ആയിരുന്നു. രാജ്യത്താകമാനം 274 ജില്ലകളിലാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത പോസീറ്റിവ് കേസുകളിൽ 80 ശതമാനവും 62 ജില്ലകളിൽ നിന്ന് മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read in English Here: President, Vice-President to take pay cut; allowances of MPs reduced by 30% for 1 year