ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 രോഗം സ്ഥീരീകരിച്ചവരുടെ എണ്ണം 15,000ഓട് അടുക്കുന്നു. 14,792 പേർക്ക് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥീരീകരിച്ചതായാണ് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ്-19 ട്രാക്കറിൽ നിന്നുള്ള വിവരം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488ആയി ഉയർന്നു. രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ 2014 പേരാണ് ഇതുവരെ രോഗമുക്തരായത്.
Also Read: കോവിഡ് പോരാട്ടത്തിൽ ലോകത്തെ സഹായിച്ച ഇന്ത്യയെ പ്രശംസിച്ച് യുഎൻ
ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 പുതിയ കോവിഡ് കേസുകൾ കണ്ടെത്തി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും കോവിഡ്-19 കേസുകൾ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 1,376 ആയി ഉയർന്നു. 53 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചു. ഇതിൽ 12 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്.
മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. 3600ലധികം കോവിഡ് കോസുകൾ ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 82 പേർക്ക് ശനിയാഴ്ച രോഗം ഭേദപ്പെട്ടു.
കേരളത്തിൽ നാല് പേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി കെകെ ഷെെലജ അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
അതേസമയം ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷത്തോട് അടുക്കുകയാണ്. 22,93,644 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ്-19 ട്രാക്കറിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
Also Read: കോവിഡ്-19: കണക്കുകളിൽ തിരുത്തൽ വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച യുഎസിൽ രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 7,15, 536 പേർക്കാണ് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ രോഗബാധിതരുടെ എണ്ണം 191, 536 ആയി ഉയർന്നു. ഇറ്റലിയിൽ 1,75,925 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഫ്രാൻസിൽ 1,49,96 പേർക്കും, ജർമനിയിൽ 1,42,751 പേർക്കും ബ്രിട്ടനിൽ 1,15,300 പേർക്കും കോവിഡ് ബാധിച്ചു.
ഒന്നരലക്ഷത്തിലധികമാണ് കോവിഡ് ബാധിച്ച് മരിച്ചവർ. 1,57,400 കോവിഡ് ബാധിതർ ഇതുവരെ മരണപ്പെട്ടു. യുഎസിൽ മാത്രം 33, 082 പേർ മരിച്ചു. ഇറ്റലിയിൽ 23,227 പേരും സ്പെയിനിൽ 20,043 പേരും കോവിഡ് ബാധിച്ച് മരിച്ചു.