ന്യൂഡൽഹി: കോവിഡ്-19 നെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോഴും വെെറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് 3,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 12, 13, 14 ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,286 പേരിലാണ്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ 30 ശതമാനവും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ്.

ഇന്നലെ മാത്രം രാജ്യത്ത് സ്ഥിരീകരിച്ചത് 1463 പോസിറ്റീവ് കേസുകളാണ്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ 12 നു 918 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു. ഏപ്രിൽ 13 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 905 പേരിലാണ്. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 29 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,815 ആയി. രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 353 ആയി.

Read Also: Horoscope Today April 15, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

മഹാരാഷ്ട്രയിലാണ് കോവിഡ്-19 ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. 2,337 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബെെയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ. ഡൽഹിയിൽ 1,510 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 1,173 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 20,000 ത്തിലേറെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് രണ്ടരലക്ഷത്തോളം സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കോവിഡ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ തുടരും. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അതിനുശേഷം സ്ഥിതിഗതികൾ പരിശോധിക്കും. കോവിഡ് പ്രതിസന്ധിക്ക് അയവുവന്നിട്ടുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 20 നു ശേഷം ചില ഇളവുകൾ നൽകും. ലോക്ക്ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട സമ്പൂർണ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

Read Also: സംസ്ഥാനങ്ങൾക്ക് വേണ്ടത് അഭിനന്ദനമല്ല, പണമാണ്: കേന്ദ്രത്തോട് തോമസ് ഐസക്

കേരളത്തിൽ ഇന്നലെ എട്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook