scorecardresearch
Latest News

കോവിഡ്-19: ജൂൺ, ജൂലൈ മാസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന് വിദഗ്‌ധർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പുതിയ കേസുകളാണ് ഡൽഹിയിൽ മാത്രം സ്ഥിരീകരിച്ചത്

corona virus, ie malayalam

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് കേസുകൾ ഏറ്റവും ഉയർന്ന നമ്പറിലേക്ക് എത്തുമെന്ന് ആരോഗ്യവിദഗ്‌ധർ. ജൂൺ, ജൂലൈ മാസങ്ങളിൽ ഡൽഹിയിലെ പോസിറ്റീവ് കേസുകൾ ഏറ്റവും ഉയർന്ന നമ്പറിലേക്ക് എത്തുമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രൂപീകരിച്ച കോവിഡ് റെസ്‌പോൺസ് കമ്മിറ്റിയുടെ പഠനം. ഒരു ഡോക്‌ടറാണ് കമ്മിറ്റിയുടെ തലവൻ. ഡൽഹിയിൽ ഇപ്പോൾ ഉള്ള പോസിറ്റീവ് കേസുകളേക്കാൾ കൂടുതൽ ജൂൺ-ജൂലായ് മാസങ്ങളിൽ സ്ഥിരീകരിക്കുമെന്നാണ് കമ്മിറ്റി പറയുന്നത്. അതീവ ജാഗ്രത തുടരണമെന്നും നിർദേശിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പുതിയ കേസുകളാണ് ഡൽഹിയിൽ മാത്രം സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് 400 ലേറെ പോസിറ്റീവ് കേസുകൾ ഡൽഹിയിൽ സ്ഥിരീകരിക്കുന്നത്. ഡൽഹിയിൽ ഇതുവരെ 5,980 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 66 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അടുത്ത പത്ത് ദിവസത്തേക്ക് ദിനംപ്രതി 400 മുതൽ 500 വരെ പുതിയ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് വിദഗ്‌ധാഭിപ്രായം. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വലിയ ഉയർച്ച കാണിക്കുന്ന സമയമായിരിക്കും ജൂൺ, ജൂലൈ മാസങ്ങൾ.

Read Also: വീ ആര്‍ ഗോയിംഗ് ഹോം: ചരിത്രദൗത്യം നിര്‍വ്വഹിച്ച വിമാനത്തിലെ അനൗൻസ്മൻറ്റ് കേള്‍ക്കാം

അതേസമയം, ലോകത്താകെ കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 38 ലക്ഷം കടന്നു. 187 രാജ്യങ്ങളിലായി 38,09, 180 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2,66,432 പേർ രോഗം ബാധിച്ച് മരിച്ചു. യുഎസിൽ രോഗബാധിതരുടെ എണ്ണം 12.4 ലക്ഷമായി ഉയർന്നു. സ്പെയിനിൽ 2.2 ലക്ഷം ആളുകൾക്കും ഇറ്റലിയിൽ 2.14 ലക്ഷം ആളുകൾക്കും രോഗം ബാധിച്ചു. ബ്രിട്ടണിൽ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. യുഎസിൽ 74, 239 പേരും ബ്രിട്ടണിൽ 30689 പേരും രോഗം ബാധിച്ച് മരിച്ചു.

ഇന്ത്യയിൽ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 53,000 ഓട് അടുക്കുന്നു. ഇതിൽ 15,266 പേർ രോഗമുക്തി നേടി. 35902 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1783 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.രാജ്യത്ത് ബുധനാഴ്ച മാത്രം 3500 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് കോവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇന്ന് 18,000 കടന്നു. 651 കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് മരിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 positive cases in delhi