ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്കായി വീഡിയോ സന്ദേശം നൽകി. രാവിലെ ഒൻപതിനാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ആരംഭിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യയുടെ ലോക്ക് ഡൗൺ നടപടി മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണെന്നും രാജ്യത്തെ ജനങ്ങൾ ഒറ്റയ്‌ക്കല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്കായി താനൊരു വീഡിയോ സന്ദേശം നൽകുമെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് മോദി അറിയിച്ചത്. എല്ലാ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച.

കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രണ്ട് തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

Read Also: Horoscope Today April 03, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 328 പുതിയ കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. 2069 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 53 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കേരളത്തിൽ 21 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook