ന്യൂഡൽഹി: കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ലോകശ്രദ്ധ നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയുടെ പ്രതിരോധ നടപടികളെ കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന് മോദി പറഞ്ഞു. രാജ്യത്തെ ഓരോരുത്തരും കോവിഡിനെതിരായ പോരാട്ടത്തിനു മുന്നിട്ടിറങ്ങിയെന്നും മോദി പറഞ്ഞു. തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

“ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യും. പരസ്‌പരം സഹായിക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം. ഭാവിയിൽ കോവിഡ് പ്രതിരോധത്തെ കുറിച്ച് ലോകം ചർച്ച ചെയ്യും. അപ്പോൾ തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങൾ വാഴ്‌ത്തപ്പെടും. രാജ്യത്തിന്റെ മുക്കിലും മൂലയിലും പരസ്‌പരം സഹായിക്കാൻ നമ്മുടെ സഹോദരങ്ങൾ മുന്നിട്ടിറങ്ങി. രാജ്യത്ത് കോവിഡിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നത്. ജനങ്ങളും ഉദ്യേഗസ്ഥരും ഒന്നിച്ചാണ് പോരാടുന്നത്. സാഹചര്യം മനസിലാക്കി പ്രവർത്തിക്കാൻ ഓരോരുത്തർക്കും സാധിച്ചു. നമ്മൾ ഒറ്റക്കെട്ടാണ്. യുദ്ധത്തിലെ പടയാളികളെ പോലെയാണ് കോവിഡിനെതിരെ രാജ്യത്തെ ജനങ്ങൾ പോരാടുന്നത്.” നരേന്ദ്ര മോദി പറഞ്ഞു.

Read Also: ഒരിക്കൽ രോഗമുക്തരായവർക്ക് വീണ്ടും രോഗം വരുമോ?

അതേസമയം, കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ തുടരുകയാണ്. മേയ് മൂന്ന് വരെയാണ് രണ്ടാം ഘട്ട അടച്ചുപൂട്ടൽ. മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഡൽഹിയടക്കമുള്ള ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിക്കും.

മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയാണ് ആദ്യം രംഗത്തെത്തിയത്. അതിനുപിന്നാലെ മഹാരാഷ്‌ട്ര, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളും സമാന ആവശ്യം ഉന്നയിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണെന്നാണ് സംസ്ഥനങ്ങളുടെ അഭിപ്രായം.

രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 26,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 26,496 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,868 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 49 പേർ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 824 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. ഗുജറാത്തിലും സ്ഥിതി സങ്കീർണമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook