ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി സൂചന. വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്. ചർച്ചയിൽ പങ്കെടുത്ത നേതാക്കളിൽ ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും പ്രധാനമന്ത്രി രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗത്തിൽ പറഞ്ഞു.

ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിൻവലിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പിനകി മിശ്ര പറഞ്ഞു. കൊറോണക്ക് മുൻപും പിൻപും ഉള്ള ജനജീവിതം വ്യത്യാസപ്പെട്ടിരിക്കുമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പറഞ്ഞു. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങൾ കൂടി കേന്ദ്രം ആരായും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തും.

Read Also: കോവിഡ്: 40 കോടി ഇന്ത്യക്കാർ കടുത്ത ദാരിദ്യത്തിലേക്കെന്ന് യുഎൻ ഏജൻസി

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം. കേന്ദ്രസർക്കാരും ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷേ വിദഗ്‌ധരുമായുളള ചർച്ചകൾക്കും എല്ലാ വശങ്ങളും പരിഗണിച്ചശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഏപ്രിൽ 10 നു ശേഷമേ ലോക്ക്ഡൗൺ നീട്ടുന്നതു സംബന്ധിച്ച വ്യക്തതയുണ്ടാവൂവെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ”രാജ്യത്താകമാനം രോഗം വ്യാപിച്ചിട്ടില്ല. 284 ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്, അതിനർഥം രാജ്യത്തിന്റെ കാൽഭാഗത്തേക്കും പോലും എത്തിയിട്ടില്ല. അതിനാൽ തന്നെ ഏപ്രിൽ 14 നു ശേഷം രാജ്യത്തിന്റെ 60 ശതമാനം ഭാഗങ്ങളിലും ഇളവുകളുണ്ടാവും. പഴയതുപോലെ അല്ലെങ്കിലും കർശന നിയന്ത്രണങ്ങൾ തുടരില്ല” സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook