ന്യൂഡൽഹി: കോവിഡ്-19 വെെറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 75 ആയി. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 3000 കടന്നു. 3,072 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 601 കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 212 പേർ രോഗവിമുക്തരായി. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരിൽ 30 ശതമാനവും (1023 പേർ) കഴിഞ്ഞമാസം ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

തമിഴ്‌നാട്ടിൽ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചത് 74 പേർക്കാണ്. ഇതിൽ 73 പേരും തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 1,200 മുതൽ 1,500 വരെയുള്ള ആളുകൾ തമിഴ്‌നാട്ടിലുണ്ടെന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദശിൽ സ്ഥിരീകരിച്ച ആകെ കേസുകളിൽ 87 ശതമാനവും തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണ്.

Read Also: കോവിഡ്-19: രാജ്യത്തെ 83 ശതമാനം രോഗബാധിതരും അറുപത് വയസിനു താഴെയുള്ളവർ

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. ഗുജറാത്തിൽ 10 പേരും തെലങ്കാനയിൽ ഏഴ് പേരും ഡൽഹിയിലും മധ്യപ്രദേശിലും 6 പേർ വീതവും ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു. പഞ്ചാബിൽ അഞ്ചുപേരും കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മൂന്നു പേർ വീതവും കേരളം ,തമിഴ് നാട് , ജമ്മുകശ്മീർ, യുപി എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും ആന്ധ്ര പ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓരോ ആളുകളുമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ലോകത്താകെ ഇതുവരെ 1,140, 327 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. യുഎസിലാണ് രോഗബാധിതർ കൂടുതൽ. 278,537 പേർക്കാണ് യുഎസിൽ കോവിഡ് സ്ഥിരീകരിച്ചത്. സ്പെയിനിൽ 124,736 പേർക്കും ഇറ്റലിയിൽ 119, 827 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ 14,681 പേരും സ്പെയിനിൽ 11,744 പേരും രോഗം ബാധിച്ച് മരിച്ചു. 60,874 പേരാണ് ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. 233,930 പേർ രോഗമുക്തരായി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook