വാഷിങ്ടൺ: കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് യുഎസിൽ പിഞ്ച് കുഞ്ഞ് മരിച്ചു. ശനിയാഴ്ച ഇല്ലിനോയിലെ ചിക്കോഗോയിലാണ് മരണം സംഭവിച്ചത്. കൊറോണ ബാധിച്ച് ആദ്യമായാണ് പിഞ്ച് കുഞ്ഞ് മരിക്കുന്നത്. കുട്ടിക്ക് ഒരുവയസില്‍ താഴെയാണ് പ്രായം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ആഴ്ച കാലിഫോര്‍ണിയയില്‍ കൊറോണ ബാധിച്ച് കൗമാരക്കാരന്‍ മരിച്ചിരുന്നു. ഫ്രാന്‍സില്‍ 16 വയസുള്ള പെണ്‍കുട്ടിയും കൊറോണ ബാധിച്ച് മരിച്ചു. പ്രായമായവരേയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് വൈറസ് മാരകമായി ബാധിക്കുന്നതെന്ന് നിരവധി പഠനങ്ങള്‍ ഇതിനകം കണ്ടെത്തിയിരുന്നു.

യുഎസിൽ ശനിയാഴ്ച മാത്രം 19,302 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊറോണ ബാധിതരുടെ എണ്ണം 123,313 ആയി. ഇന്നലെ ഒറ്റദിവസം 515 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,211 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഇവിടെ ശനിയാഴ്ച 277 പേര്‍ മരിച്ചു. 7,131 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം കഴിഞ്ഞദിവസം നൽകിയിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതോടെ രണ്ട് ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക പാക്കേജ് നിലവിൽ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്‍റെ ലക്ഷ്യങ്ങൾ. അഞ്ച് മിനിറ്റിനകം കോവിഡ്‌ സ്ഥിരീകരിക്കാനാകുന്ന തരത്തിൽ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നൽകി.

നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ കോവിഡ് മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കോവിഡ് എടുത്തത്. ഇറ്റലിയിലും ദിനംപ്രതി മരണ സംഖ്യ ഉയരുകയാണ്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്. പന്ത്രണ്ടു പേർ മരിച്ച പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നു. അയർലൻഡും വിയറ്റ്നാമും സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook