ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 11,929 പേര്‍ക്ക്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന കണക്കാണിത്. ഒരു ദിവസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണം 11,000ത്തിനു മുകളില്‍ എത്തുന്നത് ഇതു രണ്ടാം തവണയാണ്

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,20,922 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 311 പേര്‍ മരിച്ചു ഇതോടെ മരണസംഖ്യ 9,195 ആയി. 1,49,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,62,379 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,04,568 ആയി. 3,427 പേര്‍ക്കാണ് ഏറ്റവും പുതിയതായി രോഗം ബാധിച്ചത്. ശനിയാഴ്ച സംസ്ഥാനത്ത് 113 പേര്‍ മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 3,830 ആയി ഉയര്‍ന്നു.

Read More: കോവിഡ് വ്യാപനം: മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

തമിഴ്നാട്ടില്‍ 1,989 പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 42,687 ആയി. ചെന്നൈയില്‍ മാത്രം 30,444 പേര്‍ക്കാണ് രോഗം ബാധിച്ചത്. തമിഴ്നാട്ടിലെ മരണസംഖ്യ 397 ആയി. ഇതില്‍ ചെന്നൈയില്‍ മാത്രമാണ് 316 പേര്‍ മരിച്ചത്.

രാജ്യത്ത് കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം മുതിർന്ന കേന്ദ്ര മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്തെ സാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു.

ദേശീയ തലത്തിലെയും സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിരോധ പ്രവർത്തനങ്ങൾ കൂടിക്കാഴ്ചയിൽ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹർഷവർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഐസിഎംആർ ഡയരക്ടർ ജനറൽ തുടങ്ങിയവരും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതികളുടെ കൺവീനർമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഡൽഹിയിലെ നിലവിലെ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വരുന്ന രണ്ട് മാസത്തേക്ക് ഡൽഹിയിൽ കോവിഡ് വ്യാപന നിരക്ക് എത്രത്തോളം ഉയരുമെന്ന കാര്യവും യോഗത്തിൽ പരിശോധിച്ചു. ഡൽഹി മുഖ്യമന്ത്രി, ലഫ്റ്റനന്റ് ഗവർണർ എന്നിവരുമായി അടിയന്തര ചർച്ച നടത്താൻ ആരോഗ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മോദി നിർദേശം നൽകി. ജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിൽ രണ്ടു ഭാഗവും അഞ്ചു സംസ്ഥാനങ്ങളിലാണെന്ന് യോഗം വിലിരുത്തി.

മുംബൈ, ഡൽഹി അടക്കമുള്ള വൻ നഗരങ്ങളിൽ ക്രമാതീതമായി രോഗം വ്യാപിക്കുന്നതടക്കമുള്ള വെല്ലുവിളികൾ രാജ്യം നേരിടുകയാണ്.ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങ്ങ് വഴ കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ്. വ്യത്യസ്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രണ്ട് ഘട്ടങ്ങളിലായാണ് കൂടിക്കാഴ്ച.

കേരളം അടക്കം 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ചയും രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, ഉത്തർ പ്രദേശ് അടക്കമുള്ളയിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബുധനാഴ്ചയുമാണ് ചർച്ച നടത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook