ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 11458 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 386 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 8884 ആയി. 3,08993 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.

രാജ്യതലസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,137 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 36,824 ആയി.

Read More: രോഗികളുടെ എണ്ണം ഇനിയും വർധിക്കും; തൃശൂർ ജില്ലയിലെ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് 71 രോഗികള്‍ കൂടി മരിച്ചതോടെ ആകെ മരണം 1,214 ആയി. 13,398 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. 22,212 പേര്‍ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിലാണ്.

അതേസമയം ആഗോള തലത്തില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 77 ലക്ഷത്തോടടുക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ഇതുവരെ 7,628,687 രോഗികളാണുള്ളത്‌. 4,25,313 ആളുകള്‍ മരിച്ചു.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി, പെറു, ഫ്രാന്‍സ്, ജര്‍മനി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 26,000 ആളുകളില്‍ രോഗം സ്ഥിരീകരിക്കുകയും 780 പേര്‍ മരിക്കുകയും ചെയ്തു. 2,046,646 ആളുകള്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. 1,14,643 ആളുകള്‍ മരിക്കുകയും ചെയ്തു.

ബ്രസീലിലെ സ്ഥിതിഗതികളും ദിനംപ്രതി വഷളാകുകയാണ്. 828,810 ആളുകള്‍ക്കാണ് രാജ്യത്ത് ഇതോടകം രോഗം ബാധിച്ചത്. ബ്രസീലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം. 24 മണിക്കൂറിനിടെ 24,000 പേര്‍ക്ക് രോഗം ബാധിക്കുകയും 843 പേര്‍ മരിക്കുകയും ചെയ്തു.

റഷ്യയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 5,10,761 ആളുകളിൽ രോഗം സ്ഥിരീകരിച്ചു. ഇവിടെ ഇതുവരെ 6,705 ആളുകളാണ് മരിച്ചത്.

വികസ്വര രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന കോവിഡ് ബാധ വന്‍തോതില്‍ ശൈശവ മരണ നിരക്ക് കൂട്ടുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗവ്യാപനം കൂടിയ മേഖലകളിലെ സ്ത്രീകളിലൂടെ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും പ്രസവത്തില്‍ തന്നെ കുട്ടികള്‍ മരണപ്പെടുന്നതിന് ഇടയാക്കുമെന്നും ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്ക് ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook