ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം 694 ആയി ഉയർന്നു. ഇതിൽ 44 പേർ സുഖം പ്രാപിച്ചു, 16 പേർ മരിച്ചു. ഈ ഘട്ടത്തിൽ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടന്നോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഒന്നോ രണ്ടോ കേസുകളിൽ അണുബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്നും, എന്നാൽ രാജ്യത്ത് സമൂഹ വ്യാപനം ആരംഭിച്ചുവെന്ന് ഇതിനർത്ഥമില്ലെന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന മറുപടി.

വ്യാഴാഴ്ച 88 പുതിയ കേസുകൾ സ്ഥിരീകരിച്ചു. എന്നാൽ ദിനംപ്രതിയുള്ള കേസുകളുടെ വർധനവിന്റെ നിരക്ക് കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നത്.

ജൂലൈ മാസത്തോടെ 30-40 കോടി ഇന്ത്യക്കാർ രോഗബാധിതരാകാൻ സാധ്യതയുണ്ടെന്ന് മാതൃകാ പഠനത്തിന്റെ പ്രവചനം ഐസിഎംആറിലെ എപ്പിഡെമിയോളജി, സാംക്രമിക രോഗ വിഭാഗം മേധാവി ഡോ. ആർ.ഗംഗാഖേദ്കർ നിരസിച്ചു.

Read More: Explained: കോവിഡ് 19-നെ ഇന്ത്യ നേരിടുന്നതെങ്ങനെ?

രാജസ്ഥാനിലെ ഭിൽവാരയിലെ മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിലെ രോഗ വ്യാപനവും തമിഴ്നാട്ടിലെ രോഗിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതും ഉൾപ്പെടെ ചില രോഗികളിൽ അണുബാധയുടെ ഉറവിടത്തിലെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

“രോഗികളുമായി ബന്ധം പുലർത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്ന ഘട്ടത്തിൽ, രോഗിയുടെ യാത്രാ ചരിത്രം അവർ ഇടപഴകിയ ആളുകൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടി വരും. ഓരോ വ്യക്തിക്കും എല്ലാത്തിനും മറുപടി നൽകേണ്ടിവരും; അവർ പറയുന്നതെല്ലാം ചിലപ്പോൾ നിങ്ങൾക്ക് പൂർണമായും വിശ്വസിക്കാൻ കഴിയില്ല. അണുബാധയുടെ ഉറവിടം കണ്ടെത്താത്ത ഒന്നോ രണ്ടോ കേസുകളാണെങ്കിലും, സമൂഹ വ്യാപനം നടത്തിയിട്ടില്ല. ഞങ്ങൾക്ക് ഇതുവരെ അത്തരം തെളിവുകൾ ലഭിച്ചിട്ടില്ല. അത് ലഭിച്ചെങ്കിൽ നിങ്ങളോട് പറയാതിരിക്കേണ്ട ആവശ്യമെന്താണ്?” അദ്ദേഹം വ്യക്തമാക്കി.

സമൂഹ വ്യാപനത്തെ കുറിച്ച് റിപ്പോർട്ടു ചെയ്യുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അല്ലെങ്കിൽ അത് പരിഭ്രാന്തി സൃഷ്ടിക്കും. തെളിവുകളില്ലാതെ അങ്ങനെ ചെയ്യുന്നത് ശരിയല്ല.”

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിര്‍വചിച്ചിട്ടുള്ള വ്യാപനത്തിന്റെ ഒരു തലമാണ് സമൂഹ വ്യാപനം. ലളിതമായി പറഞ്ഞാല്‍, വൈറസ് സമൂഹത്തില്‍ കറങ്ങി നടക്കുകയും രോഗിയുമായോ രോഗ ബാധിതമായ സ്ഥലങ്ങളില്‍ യാത്ര നടത്തുകയോ ചെയ്തിട്ടില്ലാത്ത ആളുകള്‍ക്ക് രോഗം ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന 1000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചാണ് ഐസിഎംആര്‍ നിഗമനത്തിലെത്തുന്നത്. സമൂഹ വ്യാപനം തടയുന്നതിനാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഏര്‍പ്പെടുത്തുന്നത്. പൊതു സ്ഥലത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനാ ഇന്ത്യ ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. ഇതിലൂടെ സമൂഹ വ്യാപനം തടയുകയാണ് ലക്ഷ്യം.

Read in English: No community transmission yet, rate of spike in positive cases slowing: Govt

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook