ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തോളം പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,86,579 ആയി. അടുത്ത രണ്ട് ദിവസത്തിനകം ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. ദിനംപ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ഇന്ത്യയിൽ ആശങ്ക പരത്തുന്നു. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാമത്. ബ്രസീൽ, റഷ്യ, യുകെ എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുതലാണ്.

കോവിഡ് മഹാമാരി ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആദ്യമായാണ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തർ ഉണ്ടാകുന്നത്. ഇത് രാജ്യത്തിനു ആശ്വാസവാർത്തയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,991 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,35,205 ആയി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,33,632 ആണ്. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 73,57,794 ആയി. 4,16,116 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8,000 കടന്നു.

Read Also: മഴ ശക്തമാകും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം, കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടലിൽ കൂടുതൽ ഇളവുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, രോഗികളുടെ എണ്ണത്തിൽ കുറവില്ല. ദിനംപ്രതി കോവിഡ് പോസിറ്റീവ് കേസുകൾ ഉയരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. ജൂൺ 15 മുതൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കുമെന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക പ്രചരണം നടക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു തീരുമാനം കേന്ദ്രസർക്കാർ ഇതുവരെ എടുത്തിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന തരത്തിൽ ഒരു ഹിന്ദി വാർത്താചാനലിന്റെ സ്‌ക്രീൻഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജൂൺ 15 മുതൽ വീണ്ടും ലോക്ക്‌ഡൗണ്‍ എന്ന് ഈ സ്‌ക്രീൻഷോട്ടിൽ പറയുന്നു. എന്നാൽ ഇത് വ്യാജമാണ്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) തന്നെ ഈ വാർത്ത തള്ളി രംഗത്തെത്തി. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾ തള്ളിക്കളയണമെന്ന് പിഐബി ട്വീറ്റ് ചെയ്‌തു. ഇതുവരെ കേന്ദ്ര സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല.

Read Also: ‘സമ്പൂർണ ലോക്ക്‌ഡൗണ്‍ വീണ്ടും?’ വാസ്‌തവം അറിയാം

രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ട് ചില സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനം പൂർണമായി അടച്ചിടാൻ ആലോചിക്കുകയാണ് മഹാരാഷ്‌ട്ര സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. സമ്പൂർണ അടച്ചുപൂട്ടൽ തന്നെയാണ് കോവിഡ് പ്രതിരോധത്തിനു ഏറ്റവും നല്ല മരുന്നെന്നാണ് മിസോറാം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കാനുള്ള ആലോചനയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook