വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 24,06,905 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ആഗോള മരണ സംഖ്യയിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 1,65,058 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്.
അമേരിക്ക തന്നെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 7,63,836 പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചപ്പോള്‍ 40,555 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഏറ്റവും മോശം അവസ്ഥ തരണം ചെയ്തതായി ഗവർണർ ആൻഡ്രു ക്വോമോ പറഞ്ഞു.
അതേസമയം ലോക്ഡൗണ്‍ പിൻവലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ രംഗത്തെത്തി. രോഗ നിർണയ മാർഗങ്ങൾ വർദ്ധിപ്പിക്കാതെ ലോക്ഡൗണ്‍ പിൻവലിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ഗവർണർമാർ വൈറ്റ് ഹൗസിന് മുന്നറിയിപ്പു നൽകി.
Read More: കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ലോക്ക്ഡൗൺ ഇളവുകൾ
അമേരിക്ക കഴിഞ്ഞാൽ കോവിഡ് കൂടുതൽ ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിൽ മരണ നിരക്ക് കുറയുകയാണ്. അമേരിക്കയും യൂറോപ്പും കഴിഞ്ഞാൽ ടർക്കിയിലാണ് ലോകത്ത് കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. 86,000 പേർ. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന 1700 ഓളം കുടിയേറ്റക്കാരെ പനാമ സർക്കാർ കാട്ടിനുള്ളിലെ ക്യാമ്പിൽ പാർപ്പിച്ചു. ലോകമാകെ ഇതുവരെ 165000 പേർ മരിച്ചു.
ലാറ്റിനമേരിക്കയിൽ കോവിഡ് ബാധ ഒരു ലക്ഷം കടന്നു. ബ്രസീലിന് ശേഷം കോവിഡ് കൂടുതൽ ബാധിച്ചത് പെറുവിനെയാണ്. ഇതുവരെ 15000ത്തിലധികം പേർക്കാണ് പെറുവിൽ കൊവിഡ് സ്ഥിരീകരിച്ചു. 500 ലധികം പേർ മരിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ.
സ്പെയിനില്‍ 1,98,674 പേര്‍ക്കും ഇറ്റലിയില്‍ 1,78,972 പേര്‍ക്കും ഫ്രാന്‍സില്‍ 1,52,894 പേര്‍ക്കും ജര്‍മനിയില്‍ 1,45,742 പേര്‍ക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്. സ്പെയിനില്‍ വൈറസ് ബാധിച്ച് 20,453 പേര് മരണത്തിനു കീഴടങ്ങിയപ്പോള്‍ ഇറ്റലിയില്‍ 23,660ഉം ഫ്രാന്‍സില്‍ 19,718ഉം ജര്‍മനിയില്‍ 4,642 ഉം പേര് മരണത്തിനു കീഴടങ്ങി. ബ്രിട്ടനില്‍ 1,20,067 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. ഇവിടെ 16,060 പേരാണ് മരിച്ചത്.