ന്യൂഡൽഹി: ക്വാറന്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം പരിശോധിക്കുന്നതിനും തടയുന്നതിനും മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായി സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് ഫണ്ടിന്റെ (എസ്ഡിആർഎംഎഫ്) കീഴിൽ എല്ലാ സംസ്ഥാനങ്ങൾക്കും 11,092 കോടി രൂപ അനുവദിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച അനുമതി നൽകി.

ഇന്ത്യയിൽ 2,547 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 62, സുഖം പ്രാപിച്ചവർ 162. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് മഹാരാഷ്ട്രയേയും തമിഴ് നാടിനേയുമാണ്. യഥാക്രമം 423, 411 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 14 സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തിയ 647 കോവിഡ് -19 പോസിറ്റീവ് കേസുകൾ കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തൊട്ടാകെ 8,000 ത്തോളം ടെസ്റ്റുകൾ നടത്തിയതായും ഇത് ഒരു ദിവസം ഏറ്റവും ഉയർന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: കോവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ സംസ്ഥാനത്തിനായി: മുഖ്യമന്ത്രി

ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയും 21 ദിവസത്തെ ലോക്ക്ഡൗണുമായി സഹകരിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് ഒമ്പത് മിനിറ്റ് വീടുകളിൽ ലൈറ്റുകൾ അണയ്ക്കാനും വാതിലുകളിലോ ബാൽക്കണിയിലോ ദീപം തെളിയിക്കാനും പ്രധാനമന്ത്രി മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്ത് ലോക്ക്ഡൗണ്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ എങ്ങനെ എടുത്തുമാറ്റണം എന്നതിനെ കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. “ചില രാജ്യങ്ങളിൽ വൈറസിന്റെ രണ്ടാം ഘട്ട തരംഗത്തെക്കുറിച്ച്” മോദി സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിൽ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഏപ്രിൽ 14 നുശേഷം തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും അറിയിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം, ലോക്ക്ഡൗൺ ഏപ്രിൽ പകുതി വരെയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് വീഡിയോ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പുരി പറഞ്ഞു.

ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടക്കുന്നു, ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് യുഎസ് (244,769), ഇറ്റലി (115,242), സ്പെയിൻ (112,065). മരണസംഖ്യ 52,973 ആയി ഉയർന്നു; ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (13,915), സ്‌പെയിൻ (10,348), ഫ്രാൻസ് (5,387).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook