ന്യൂഡൽഹി: പ്രവാസികളുടെ മൃതദേഹം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി. മൃതദേഹം നാട്ടിലെത്തിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.  വിദേശകാര്യ, ആരോഗ്യമന്ത്രാലയങ്ങളുടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു പുതിയ ഉത്തരവിൽ പറയുന്നു.

അതേസമയം, ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിനു വിലക്കേർപ്പെടുത്തിയതോടെ യുഎഇയിൽ മോർച്ചറികളിലടക്കം സൂക്ഷിച്ചിരിക്കുന്നത് ഇരുപത്തേഴു ഇന്ത്യൻ പൗരൻമാരുടെ മൃതദേഹങ്ങളാണ്.  ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും അബുദാബിയിലേക്കു മൂന്ന് മൃതദേഹങ്ങൾ മടക്കിയയച്ചത് വലിയ വാർത്തയായിരുന്നു.

Read Also: മെസിയോ റൊണാൾഡോയോ? ഉത്തരം നൽകി ബ്രസീലിയൻ ഇതിഹാസങ്ങൾ

അതേസമയം, കേരളത്തിൽ ഇനി മുതൽ ചില ഇളവുകൾ ലഭിക്കും. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇളവുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  മുൻസിപാലിറ്റി, കോർപ്പറേഷൻ പരിധിക്കു പുറത്തുള്ളതുമായ റസിഡൻഷ്യൻ കോംപ്ലക്‌സുകളിലെയും  മാർക്കറ്റ് കോംപ്ലക്‌സുകളിലെയും ഉൾപ്പെടെയുള്ള എല്ലാ കടകളും തുറന്നുപ്രവർത്തിക്കാവുന്നതാണ്. മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾ തുറക്കാൻ സാധിക്കില്ല. തുറക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്ക് എത്താൻ പാടൂ. ഇവർ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

അതേസമയം, കടകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കോവിഡ് -19 ഭീഷണിയെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരുമാസം പിന്നിടുന്ന സമയത്താണ് വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവനുവദിക്കുന്നത്. മുനിസിപ്പാലിറ്റികളുടെ പരിധിക്കുള്ളിലും ഗ്രാമീണ മേഖലകളിലുമുള്ള കടകൾക്ക് നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിനാണ് അനുമതി നൽകിയിട്ടുള്ളത്.

Read Also: ഏതെല്ലാം കടകൾ തുറക്കാം?

ഏപ്രിൽ 15ലെ ലോക്ക്ഡൗൺ മാർഗ്ഗ നിർദേശങ്ങളിലാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഗ്രാമപ്രദേശങ്ങളിലെ കമ്പോളങ്ങൾക്കും മുനിസിപ്പാലിറ്റികളിൽ റെസിഡൻഷ്യൽ പ്രദേശങ്ങളിലെ കടകൾക്കും തുറന്ന് പ്രവർത്തിക്കാം. എന്നാൽ ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും. ഹോട്ട്സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. ഇളവുകളിൽ സംസ്ഥാന സർക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook