ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യത്ത് നടപ്പാക്കിയ 21 ദിവസത്തെ ലോക്ക്‌ഡൗൺ ഏപ്രിൽ 14 നു പൂർത്തിയാകും. എന്നാൽ, കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗൺ നീട്ടാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. സംസ്ഥാന സർക്കാരുകൾ ലോക്ക്‌ഡൗൺ നീട്ടണമെന്ന നിലപാടിലാണ്. ലോക്ക്‌ഡൗൺ അല്ലാതെ കോവിഡിനെ നേരിടാൻ മറ്റ് വഴികളില്ലെന്നാണ് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ ജനജീവിതം ഏറെ ദുസഹമായിരിക്കുകയാണ്. പല ആവശ്യങ്ങളും നിറവേറ്റാൻ ജനങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ വേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങൾക്കിടയിലും സർക്കാരുകൾ ചില ഇളവുകൾ നൽകിയിരിക്കുന്നത്. വളരെ അത്യാവശ്യ സേവനങ്ങളെല്ലാം ലഭ്യമാകുന്ന രീതിയിലാണ് നിയന്ത്രണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അത്യാവശ്യ സേവനങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. എന്നാൽ, പതിവുപോലെ അവ ലഭ്യമാകണമെന്നും ഇല്ല.

Read Also: കോവിഡ്-19 പ്രതിരോധം: ആലപ്പുഴയില്‍ ഓട്ടോമേറ്റഡ് കോള്‍ സംവിധാനം വിജയം

കൊയ്‌ത്ത് സീസൺ ആയതിനാൽ കാർഷിക വിളവെടുപ്പ്, സമാഹരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രണങ്ങളിൽ നിന്നു മാറ്റിനിർത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണിത്. മൃഗാശുപത്രി ജീവനക്കാർ, ആരോഗ്യമേഖലയിലെ ജീവനക്കാർ എന്നിവരെ നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

ഭക്ഷ്യ-ഉപഭോക്തൃകാര്യ വകുപ്പിലെ വിതരണശ്രംഖലയുമായി ബന്ധപ്പെട്ടവരെ ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വയോജനകേന്ദ്രങ്ങൾ, സമാന സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. എക്‌സെെസ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. എന്നാൽ, ഇത്തരം വകുപ്പുകളിലെ ദെെനംദിന ജോലികൾക്കായി ഏറ്റവും കുറവ് ജീവനക്കാരെ മാത്രമേ നിയോഗിക്കാൻ സാധിക്കൂ.

നിയന്ത്രണങ്ങളില്‍ നിന്നു ഒഴിവാക്കിയവ: റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ സ്ഥാപനങ്ങള്‍, പഴം, പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍, മീന്‍, ഇറച്ചി, കാലിത്തീറ്റ, വളം, വിത്തുകള്‍, കീടനാശിനി, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, പ്രൈവറ്റ് സെക്യൂരിറ്റി സര്‍വീസുകള്‍, മത്സ്യബന്ധന അക്വാകള്‍ച്ചറല്‍ വ്യവസായങ്ങള്‍.

ടൂവിലര്‍ ഉള്‍പ്പെടെയുള്ളവയുടെ റിപ്പയറിങ്ങുമായി ബന്ധപ്പെട്ട വര്‍ക് ഷോപ്പുകള്‍ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ അനുബന്ധഉപകരണങ്ങളുടെ റിപ്പയറിങ് ഷോപ്പുകള്‍ ഞായറാഴ്ച രാവിലെ പത്ത് മുതല്‍ അഞ്ച് വരെ തുറന്നുപ്രവര്‍ത്തിക്കാം. അംഗീകൃത ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍ എന്നിവര്‍ക്ക് വീടുകളിലും ഫ്‌ളാറ്റുകളിലും അടിയന്തര അറ്റകുറ്റപണികള്‍ നടത്താന്‍ അനുമതിയുണ്ട്. എയര്‍കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ എല്ലാ ഞായറാഴ്ചയും രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ തുറക്കാം. കണ്ണടകള്‍ വില്‍ക്കുകയും റിപ്പയറിങ് നടത്തുകയും ചെയ്യുന്ന കടകള്‍ തിങ്കളാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറക്കാന്‍ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook