ന്യൂഡൽഹി: സമ്പൂർണ അടച്ചുപൂട്ടൽ കാരണമാണ് രാജ്യത്ത് കോവിഡ്-19 നെ നല്ല രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചതെന്ന് കേന്ദ്രം. രണ്ടാം ഘട്ട അടച്ചുപൂട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാർ പ്രതികരണം. അടച്ചുപൂട്ടലിലൂടെ രോഗവ്യാപനത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചെന്ന് കേന്ദ്രം വിലയിരുത്തി.

സാമൂഹിക അകലം പാലിക്കുന്നതാണ് കോവിഡിനെ ചെറുക്കാനുള്ള വഴിയെന്ന് കേന്ദ്രം നേരത്തെ വിലയിരുത്തിയിരുന്നു. മേയ് മൂന്നിനാണ് രണ്ടാം ഘട്ട അടച്ചുപൂട്ടൽ അവസാനിക്കേണ്ടത്. എന്നാൽ, ഏപ്രിൽ 20 മുതൽ രോഗമില്ലാത്ത മേഖലകളിൽ ഇളവ് നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് കേന്ദ്രങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.

ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 40 ശതമാനം കുറവുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്ത് ഇതുവരെ 13,387 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്, ഇതിൽ 1749 പേർ രോഗമുക്തരായപ്പോൾ 437 പേർ വൈറസ് ബാധമൂലം മരിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: Horoscope Today April 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിലവിലെ കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളിൽ 80 ശതമാനവും രോഗം ഭേദമാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 1007 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒറ്റദിവസത്തില്‍ 23 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

കൊറോണ വൈറസ് ചികിത്സയ്ക്ക് രാജ്യത്തെ 1919 ആശുപത്രികൾ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ആശുപത്രികളിലായി 1,73,000 ഐസോലെഷൻ വാർഡുകളും 21,000 ഐസിയു ബെഡുകളുമുണ്ട്. പ്രതിമാസം 6000 വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,205 ആയി. മഹാരാഷ്ട്രയിലെ മരണസംഖ്യ 194 ആയി. മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,600 കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook