ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടിയതിനെ തുടര്‍ന്ന് പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. സംസ്ഥാനങ്ങൾക്ക് വലിയ ഇളവുകളൊന്നും നൽകാത്തതാണ് പുതിയ മാർഗനിർദേശം.

പൊതുഗതാഗതത്തിനു യാതൊരു ഇളവും നൽകിയിട്ടില്ല. ഓട്ടോ, ടാക്‌സി സർവീസുകളും ഉണ്ടാകില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും മെയ് മൂന്ന് വരെ അടച്ചിടണം.  പൊതുപരിപാടികൾ നടത്തരുത്. ആരാധനാലയങ്ങൾ അടഞ്ഞുകിടക്കണം. രാഷ്ട്രീയ പാർട്ടികളുടെ അടക്കം പൊതുപരിപാടികൾക്ക് വിലക്കുണ്ട്. സംസ്‌കാര ചടങ്ങുകൾക്ക് 20 പേരിൽ കൂടുതൽ പങ്കെടുക്കരുത്.

മാർഗനിർദേശങ്ങളിൽ സംസ്ഥാനങ്ങൾ വെള്ളം ചേർക്കരുതെന്ന് കേന്ദ്രം എടുത്തുപറയുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടികൾ സ്വീകരിക്കണം. ആശുപത്രികളും നഴ്‌സിങ് ഹോമുകളും പ്രവർത്തിക്കും. മെഡിക്കൽ കള്‍ക്കും
മൃഗാശുപത്രികളും മെഡിക്കൽ സ്റ്റോറുകളും സാധാരണ രീതിയിൽ പ്രവർത്തിക്കും.

Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു

കാർഷിക മേഖലയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കൊയ്‌ത്ത് പോലുള്ള അത്യാവശ്യ കാര്യങ്ങൾ നടത്താം. കാർഷിക ഉത്‌പന്നങ്ങളുടെ വിൽപ്പന തുടരും. വ്യവസായിക-കാർഷിക-നിർമാണ മേഖലകൾക്ക് ഇളവ് അനുവദിച്ചിട്ടുള്ളതാണ് പുതിയ മാർഗനിർദേശം. വളം, വിത്തുകൾ എന്നിവയുടെ ഉത്‌പാദനം തുടരാം. തേയില, കാപ്പി, റബർ ഉത്‌പാദന സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ജീവനക്കാരെവച്ച് പ്രവർത്തനം തുടരാം. ഇവയുടെ പാക്കിങ്, മാർക്കറ്റിങ് മേഖലകൾക്കും 50 ശതമാനം ജീവനക്കാരെവച്ച് പ്രവർത്തിക്കാവുന്നതാണ്.

റേഷൻ കടകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഹോം ഡെലിവറിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ബാങ്കുകൾ, എടിഎമ്മുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. ഇൻഷുറൻസ് കമ്പനികൾക്കും പ്രവർത്തിക്കാം. പെട്രോൾ, ഡീസൽ, എൽപിജി സർവീസുകൾ ലഭ്യമാണ്.

പോസ്റ്റൽ സർവീസുകൾ പ്രവർത്തിക്കും. അച്ചടി, ഇലക്‌ട്രോണിക് സർവീസുകൾക്ക് പ്രവർത്തിക്കാം. ടെലി കമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സർവീസ്, കേബിൾ സർവീസുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. സ്വകാര്യ സെക്യൂരിറ്റി സർവീസുകൾ പ്രവർത്തിക്കും. അവശ്യ സർവീസുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്. സർക്കാർ നിർദേശമനുസരിച്ച് അത്യാവശ്യ നിർമ്മാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.

Read Also: കെെ നിറയെ സ്‌നേഹം, മറ്റൊന്നിനും സമയമില്ല; താൻ സുരക്ഷിതയെന്ന് സംവൃത 

അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 377 ആയി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,439 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 24 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് 3,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 12, 13, 14 ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,286 പേരിലാണ്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ 30 ശതമാനവും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ്.

കോവിഡ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ തുടരും. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. അതിനുശേഷം സ്ഥിതിഗതികൾ പരിശോധിക്കും. കോവിഡ് പ്രതിസന്ധിക്ക് അയവുവന്നിട്ടുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 20 നു ശേഷം ചില ഇളവുകൾ നൽകും.

മഹാരാഷ്ട്രയിലാണ് കോവിഡ്-19 ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. 2,337 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബെെയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ. ഡൽഹിയിൽ 1,510 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 1,173 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 20,000 ത്തിലേറെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് രണ്ടരലക്ഷത്തോളം സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read in English Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook