ന്യൂഡൽഹി: കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതു നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ഏതെല്ലാം മേഖലകളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും നാളെ അറിയാം.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്നു ഒരു തീരുമാനംവരും മുൻപേ ആറ് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, പശ്ചിമ ബംഗാൾ, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൗൺ തുടരുമെങ്കിലും സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകാൻ സാധ്യതയുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള അധികാരം കേന്ദ്രം നൽകിയേക്കും. ഏതെല്ലാം മേഖലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് നാളെ വ്യക്തമാകും.
Read Also: കോവിഡ്-19 ഡാറ്റാ വിവാദം: എന്താണ് സ്പ്രിങ്ക്ളർ? ആരാണ് റാഗി തോമസ്?
കഴിഞ്ഞ ബുധനാഴ്ച രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ലോക്ക്ഡൗൺ ഒറ്റയടിക്ക് നീക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ”രാജ്യത്തെ ഓരോ ജീവൻ രക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന. രാജ്യത്തെ സ്ഥിതി ഒരു ‘സാമൂഹിക അടിയന്തരാവസ്ഥ’യ്ക്ക് സമാനമാണ്, അതിന് കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്, നാം ജാഗ്രത പാലിക്കണം,”പ്രധാനമന്ത്രി പറഞ്ഞതായി കോൺഫറൻസിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കി.
പ്രധാനമന്ത്രി നേരത്തെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിൻവലിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ ഇപ്പോൾ പിൻവലിച്ചാൽ ഇതുവരെ നടത്തിയ പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. മാർച്ച് 25 നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.